മഞ്ചേശ്വരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് ആറുമണിയോടെ അവസാനിച്ചു. എന്നാല്‍ ആറുമണിക്ക് മുമ്പ് വോട്ട് ചെയ്യാനെത്തിയവര്‍ ചില ബൂത്തുകളില്‍ ഇപ്പോഴും വോട്ട് ചെയ്യുന്നതിന് വേണ്ടി പോളിംഗ് ബൂത്തുകളില്‍ നില്‍ക്കുന്നുണ്ട്. പോളിംഗ് പൂര്‍ണമായി അവസാനിച്ച മണ്ഡലങ്ങളില്‍ ഉദ്യോഗസ്ഥർ വോട്ടിങ് മെഷീനും വിവി പാറ്റും സീൽ ചെയ്ത സുരക്ഷിത കേന്ദ്രങ്ങളിൽ എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ്. നിലവില്‍ വിവരം ലഭിക്കുമ്പോള്‍ 74.67 ആണ് പോളിംഗ് ശതമാനം. 

സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു. വാശിയേറിയ ത്രികോണ മത്സരത്തിന്റെ ചൂട് വ്യക്തമാക്കുന്ന മഞ്ചേശ്വരത്ത് മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്. മണിക്കൂറുകളോളം ക്യൂവില്‍ നിന്നാണ് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. അഞ്ച് മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ സുരക്ഷാ മുൻകരുതലുകൾക്കിടയിൽ പോളിംഗ് നടക്കുന്നത് മഞ്ചേശ്വരം മണ്ഡലത്തിലത്തിലാണ്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കള്ളവോട്ടാരോപണമുണ്ടായതിനാലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. കള്ളവോട്ട് ചെയ്തുവെന്ന ആരോപിച്ച് മണ്ഡലത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം ബാക്രബയലിൽ  42-ാം ബൂത്തിൽ നബീസയെയാണ് അറസ്റ്റ് ചെയ്തത്. 

കള്ളവോട്ട് ആരോപണം തടയുന്നതിനായി ജില്ലാകലക്ടര്‍ സജിത് ബാബുവിന്‍റെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം സജ്ജീകരിച്ചിരുന്നു. പ്രശ്നബാധിത ബൂത്തുകളെ നിരീക്ഷിക്കുന്നതിനായിരുന്നു പ്രത്യേക കണ്‍ട്രോള്‍ റൂം സംവിധാന ഒരുക്കിയത്. വെബ് കാസ്റ്റിംഗ് നടക്കുന്ന ബൂത്തുകളെ കണ്‍ട്രോള്‍ റൂമില്‍ നിന്നും നീരിക്ഷിക്കുവാനുള്ള സജീകരണങ്ങളും ഒരുക്കിയിരുന്നു. 20 ബൂത്തുകളിലാണ് ഇത്തരത്തിലുള്ള ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്.

പ്രതീക്ഷയില്‍ മൂന്നണികള്‍

മഞ്ചേശ്വരത്ത്  കോട്ട കാക്കാമെന്ന പ്രതീക്ഷയിലാണ് ലീഗ് സ്ഥാനാര്‍ഥി എംസി  കമറുദ്ദീൻ. ലീഗിന് വലിയ സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത പോളിംഗാണ് ഉണ്ടായതെന്നത് പ്രതീക്ഷ നല്‍കുന്നു. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണവും പൗരത്വ പ്രശ്നമടക്കമുള്ള കേന്ദ്ര സർക്കാർ നയങ്ങളും നിർണായകമായി. എപി സുന്നി വിഭാഗം അടക്കം എല്ലാ മുസ്ലിം ഗ്രൂപ്പുകളും യുഡിഎഫിനെ പിന്തുണച്ചു. പതിവിനു വ്യത്യസ്തമായി പ്രചാരണത്തിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം മണ്ഡലത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.കുഞ്ഞാലിക്കുട്ടി നേരിട്ടാണ്  പ്രചാരണം നയിച്ചത്

സിദ്ധരാമയ്യ അടക്കമുള്ള കർണാടക നേതാക്കളും പ്രചാരണത്തിനായി  മണ്ഡലത്തിലെത്തി. സ്ഥാനാർത്ഥി നിർണയത്തിലെ തർക്കം വോട്ടിനെ ബാധിക്കാതിരിക്കാൻ നടത്തിയ പഴുതടച്ച പ്രവർത്തനങ്ങളാണ് കുഞ്ഞാലിക്കുട്ടിയുടെ നേതൃത്തില്‍ നടത്തിയത്. രാവിലെ തന്നെ കോണ്‍ഗ്രസ് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ നല്ല പോളിംഗ് രേഖപ്പെടുത്തി. എന്നാല്‍ ഉച്ചയ്ക്ക് ശേഷം പോളിംഗ് മന്ദഗതിയിലായി.

ബിജെപി സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം നടത്തുന്ന  മണ്ഡലമാണ് ഇത്. വിജയപ്രതീക്ഷയിലാണ് അതിനാല്‍ ബിജെപി സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍. കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്നും ഇത്തവണ മണ്ഡലം പിടിക്കുമെന്നുള്ള പ്രതീക്ഷയിലാണ് എന്‍ഡിഎ മുന്നണി. പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ ബിജെപിയ്ക്ക്  കഴിയുമെങ്കിലും ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു എപ്പോഴും വിജയത്തിന് വിലങ്ങുതടിയായത്.ഇത്തവണ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി. 

വിശ്വാസിയാണെന്ന ലേബൽ നിഷേധിക്കാത്ത, ശബരിമലയിലടക്കം കൃത്യമായി നിലപാട് വ്യക്തമാക്കുന്ന ഇടത് സ്ഥാനാര്‍ഥി ശങ്കർ റൈയുടെ ഇമേജ് മറ്റ് രണ്ട് മുന്നണികൾക്കും ഭീഷണിയുണ്ടാക്കുന്നതാണ്. പ്രാദേശികമായി ശക്തമായ ബന്ധങ്ങളുണ്ടെന്നത് മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.

 

ഭാഷാ മേഖലകളിലെ സ്വാധീനവും പ്രാദേശിക ഘടകങ്ങളും തുണച്ചേക്കുമെന്ന പ്രതീക്ഷയുണ്ട് റൈയ്ക്ക്. പതിറ്റാണ്ടുകൾക്ക് ശേഷമാണ് മുന്നണിക്ക് നാട്ടുകാരനായ സ്ഥാനാർത്ഥി. അത് വോട്ടാക്കാമെന്ന പ്രതീക്ഷ മുന്നണിക്കുണ്ട്. യുഡിഎഫിന്റെയും ബിജെപിയുടെയും ഉറച്ച വോട്ടു ബാങ്കുകളിൽ കടന്നു കയറാൻ എൽഡിഎഫിന് കഴിയുമോ എന്നത് കണ്ടറിയേണ്ടി വരും.