കര്‍ണാടകയില്‍ നിന്നും വോട്ടര്‍മാരുമായി വാഹനം വരുന്നുണ്ടെന്ന ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തത്.

കാസര്‍കോട്: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായി വോട്ടര്‍മാരുമായെത്തിയ രണ്ട് വാഹനങ്ങള്‍ പൊലീസ് പിടികൂടി. നൂറോളം വോട്ടർമാരുമായെത്തിയ രണ്ടു ബസ്സുകളാണ് ഉപ്പളയിൽ നിന്നും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തത്.

കർണാടകയിൽ നിന്നുമാണ് വോട്ടർമാരുമായി ബസുകള്‍ എത്തിയത്. കർണാടക രജിസ്ട്രേഷനിലുള്ളവയാണ് പിടിച്ചെടുത്ത രണ്ട് ബസും. വോട്ടര്‍മാരുമായി വാഹനം വരുന്നുണ്ടെന്ന ഫ്ലയിംഗ് സ്ക്വാഡിന്‍റെ നിർദ്ദേശപ്രകാരമാണ് മഞ്ചേശ്വരം പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തതെന്നാണ് വിവരം.

മഞ്ചേശ്വരത്ത് കള്ളവോട്ട് ആരോപണം ഉയര്‍ന്നതിനാല്‍ പൊലീസും ഇലക്ഷന്‍ സ്ക്വാഡും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. മഞ്ചേശ്വരം ബാക്രബയലിൽ 42-ാം ബൂത്തിൽ കള്ളവോട്ട് നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു.