കാസര്‍ഗോഡ്: ത്രികോണപ്പോരിലൂടെ സസ്പെന്‍സ് ഉയര്‍ത്തുന്ന സൂപ്പര്‍സ്റ്റാര്‍ മണ്ഡലമാണ് കേരളരാഷ്ട്രീയത്തില്‍ മഞ്ചേശ്വരം. ഒരു വര്‍ഷത്തിലേറെ കാത്തിരുന്നെത്തിയ ഉപതെരഞ്ഞെടുപ്പിലും മഞ്ചേശ്വരത്തിന്‍റെ മനസില്‍ എന്തെന്ന സസ്പെന്‍സ് ബാക്കിയാണ്. 

വിട്ടുപോയ സ്ഥലങ്ങളിലും വീടുകളിലും ഓടിയെത്തി യുഡിഎഫ്. പ്രധാന കേന്ദ്രങ്ങളിൽ മാത്രം ശ്രദ്ധയൂന്നി ബിജെപി. എന്നാൽ അവസാന ലാപ്പിലും മുടക്കമില്ലാതെ പര്യടനവുമായി ഇടത് സ്ഥാനാർത്ഥി. പ്രചാരണം അവസാനത്തോടടുക്കുനോൾ മ‍ഞ്ചേശ്വരത്തെ കാഴ്ചയിതായിരുന്നു.

പ്രധാന കേന്ദ്രങ്ങൾ, വ്യക്തികൾ, വിട്ടുപോയവർ ഇവരെയൊക്കെ കണ്ടായിരുന്നു ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വെള്ളിയാഴ്ചത്തെ പ്രചാരണം. കുമ്പള ടൗണില്‍ ഓടിനടന്ന് വോട്ടു ചോദിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍റെ മുഖത്ത് തിക‍ഞ്ഞ ആത്മവിശ്വാസവും വിജയപ്രതീക്ഷയുമുണ്ടായിരുന്നു. 

മണ്ഡലത്തില്‍ മൂന്ന് തവണ ഗൃഹസന്ദര്‍ശനം നടത്തി കഴിഞ്ഞ ബിജെപി അവസാന മണിക്കൂറുകളില്‍ സ്ഥാനാര്‍ത്ഥിയുമായി ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് പര്യടനം നടത്തുന്നത്. കോളനികളിലും റസിഡന്‍സ് അസോസിയേഷനുകളിലുമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ വോട്ട് തേടിയത്. 

പതിവ് പര്യടനത്തിൽ നിന്നും മറ്റു മുന്നണികൾ മാറിയപ്പോൾ ശക്തികേന്ദ്രമായ പുത്തിഗെ പഞ്ചായത്തിൽ പര്യടനത്തിലായിരുന്നു ഇടത് സ്ഥ്നാ‍ത്ഥി ശങ്കർ റൈ. സംഘടനാപരമായി മഞ്ചേശ്വരത്തുള്ള ദുര്‍ബലാവസ്ഥയെ കണ്ണൂരിലെ പ്രവര്‍ത്തകരെ ഇറക്കിയാണ് സിപിഎം മറികടക്കുന്നത്.