Asianet News MalayalamAsianet News Malayalam

വോട്ടിംഗ് ശതമാന കണക്കുകൾ കൂട്ടിക്കിഴിച്ച് മുന്നണികൾ, കനത്ത സുരക്ഷയിൽ മഞ്ചേശ്വരം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലെ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലം, കപ്പിനും ചുണ്ടിനുമിടയിൽ കൈവിട്ട് പോകുന്ന മണ്ഡലത്തെ ഇത്തവണ കൈപ്പിടിയിലൊതുക്കാൻ ബിജെപി. ശങ്കർ റേ എന്ന വിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ സംഘടനാ സ്വാധീനം കാര്യമായില്ലാത്ത മണ്ഡലത്തെ പിടിച്ചെടുക്കാൻ സിപിഎം, മഞ്ചേശ്വരത്തിന്‍റെ മനസിലെന്ത് ?

manjeswaram in tight security ahead of polls expectations based on poll percentage
Author
Manjeshwar, First Published Oct 20, 2019, 6:23 PM IST

മഞ്ചേശ്വരം: മഞ്ചേശ്വരത്തെ മുൻ സിപിഎം എംഎൽഎ സി എച്ച് കുഞ്ഞമ്പുവിനെ ലീഗ് പ്രവർത്തകർ തടഞ്ഞതാണ് മഞ്ചേശ്വരത്ത് നിന്ന് പുറത്ത് വരുന്ന അവസാനത്തെ തെരഞ്ഞെടുപ്പ് വാർത്ത. പരസ്യപ്രചാരണത്തിന്‍റെ സമയം കഴിഞ്ഞിട്ടും പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ലീഗ് പ്രവർത്തകർ കുഞ്ഞമ്പുവിനെ തട‌ഞ്ഞത്. ഉപ്പള മുളഞ്ചയിലും ലീഗ് സിപിഎം തർക്കം ഉണ്ടായി. മണ്ഡലത്തിന്‍റെ പുറത്ത് നിന്നെത്തിയ സിപിഎം പ്രവർത്തകർ പ്രചാരണത്തിനെത്തിയെന്നാരോപിച്ചായിരുന്നു ഈ സംഘർഷവും. കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നതിന് മുമ്പ് പൊലീസ് സ്ഥലത്തെത്തി പ്രവർത്തകരെ മാറ്റുകയായിരുന്നു. പ്രദേശത്തെ ബൂത്തിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. 

5 മണ്ഡലങ്ങളിൽ വെച്ച് ഏറ്റവും കൂടുതൽ സുരക്ഷാ മുൻകരുതലുകൾക്കിടയിൽ പോളിങ് നടക്കുക മഞ്ചേശ്വരം മണ്ഡലത്തിലാണ്.  മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദൃശ്യങ്ങൾ പകർത്തുന്നതിനൊപ്പം ഇരുപത് ബൂത്തുകളിൽ വെബ് സ്ട്രീമിംഗും നടത്തും. അതേസമയം, പ്രധാന സ്ഥലങ്ങളിൽ ഒരു തവണ കൂടി ഓടിയെത്തിയും, ദേവാലയങ്ങൾ കേന്ദ്രീകരിച്ചുമായിരുന്നു സ്ഥാനാർത്ഥികളുടെ ഇന്നത്തെ ദിനം. 

മഞ്ചേശ്വരത്ത് ഇഞ്ചോടിഞ്ച്: സപ്തഭാഷാ ഭൂമിക ആർക്കൊപ്പം? നടക്കുന്നത് തീ പാറും പോരാട്ടം ...
 

അവസാന നിമിഷത്തെ കണക്കുകളിൽ പ്രതീക്ഷയർപ്പിച്ച് മനപ്പായസം ഉണ്ണുകയാണ് മുന്നണികൾ. ലോകസഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കിയപ്പോഴും പോളിംഗ് ശതമാനം കുറവായിരുന്നു. ഭാഷാ ന്യൂനപക്ഷങ്ങളെ കേന്ദ്രീകരിച്ച് നടത്തിയ ശക്തമായ പ്രചരണത്തിന്‍റെ ശ്രമഫലമായി ഇത്തവണ മികച്ച പോളിംഗ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പോളിംഗ് ശതമാനം ഉയരുക തന്നെ ചെയ്യുമെന്നാണ് മൂന്ന് മുന്നണികളുടെയും കണക്ക് കൂട്ടൽ. 

കഴിഞ്ഞ തവണത്തെ നേരിയ ഭൂരിപക്ഷവും, ഹൈക്കോടതി വരെയെത്തിയ കള്ളവോട്ട് കേസും, ഒപ്പം ബിജെപിയുടെ പരാതിയും കണക്കിലെടുത്താണ് മുഴുവൻ ബൂത്തുകളിലും വോട്ടെടുപ്പ് ദൃശ്യങ്ങൾ പകർത്തുന്നത്.  20 പ്രശ്നസാധ്യതാ ബൂത്തുകളിൽ വെബ്സ്ട്രീമിങ്ങും ഏ‌ർപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ഭക്ഷണം വരെ ബൂത്തിൽ നേരിട്ടെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

എംഎൽഎ ആയിരുന്ന പിബി അബ്ദുറസാഖ് മരിച്ച് ഒരു വർഷം പൂർത്തിയായ ഇന്ന് അതേസീറ്റിൽ അടുത്തയാളെ എത്തിക്കാനുള്ള ഓട്ടപ്പാച്ചിലിൽ മുന്നണികൾ. ഞായറാഴ്ച്ചയായതിനാൽ പള്ളികളടക്കം ആൾത്തിരക്കുള്ള ഇടങ്ങളിൽ സ്ഥാനാ‍ത്ഥികളെത്തി. സംഘടനാ ശേഷി കാര്യമായില്ലാത്ത മണ്ഡലത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ വേറിട്ട ശൈലിയുമായി ശങ്കർറൈ ഉണ്ടാക്കിയെടുത്ത ചലനമാണ് ഇടത്മുന്നണി പ്രതീക്ഷകളുടെ മർമ്മം.

സംസ്ഥാന രാഷ്ട്രീയത്തിലെ വിവാദങ്ങളും ആരോപണപ്രത്യാരോപണങ്ങളും സാധാരണഗതിയിൽ വലിയ ചർച്ചയാകാത്ത മണ്ഡലമാണ് മഞ്ചേശ്വരം. ഭാഷാ ന്യൂനപക്ഷങ്ങൾ പോളിംഗ് ബൂത്തിലേക്കെത്തുവാൻ മടിക്കുന്ന മണ്ഡലത്തിൽ ശങ്കർ റേ എന്ന സ്ഥാനാർത്ഥിയെ സിപിഎം മത്സരിക്കാനിറക്കിയത് വ്യക്തമായ കണക്ക് കൂട്ടലുളോടെ തന്നെയാണ്. വിശ്വാസിയായ, ക്ഷേത്ര ഭാരവാഹിയും കലാകാരനുമായ ശങ്കർ റേയിലൂടെ തുളു വോട്ടുകളും ഇടത് ക്യാമ്പ് ലക്ഷ്യമിടുന്നുണ്ട്. 

എ പി വിഭാഗമടക്കം ന്യൂനപക്ഷം ഒന്നാകെ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിൽ യുഡിഎഫ് വിജയം മുന്നിൽ കാണുന്നുണ്ട്. എസ്ഡിപിഐയുടെയും വോട്ടുകൾ ഒപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അ‌ഞ്ച് മണ്ഡലങ്ങളിൽ മുസ്ലീം ലീഗ് മത്സരിക്കുന്ന ഏക മണ്ഡലമായതിനാൽ അതിനർഹമായ പ്രവർത്തനമാണ് പാർട്ടി മഞ്ചേശ്വരത്ത് നടത്തിയത്. കുഞ്ഞാലിക്കുട്ടിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു പ്രചാരണം നടന്നത്. കണക്കുകളിലെ പ്രധാന എതിരാളി ബിജെപിയാണെന്ന ഗൗരവത്തോടെയായിരുന്നു പ്രചാരണം. മുസ്ലീം ലീഗിന്‍റെ ശീലങ്ങൾക്ക് വിരുദ്ധമായി സ്ഥാനാർത്ഥി നിർണ്ണയത്തിനെതിരയുണ്ടായ ആന്തരിക കലാപം അടിയൊഴുക്കളുണ്ടാക്കുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുവെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. 

ബൂത്തുകളിൽ മാത്രം തുടക്കം മുതൽ ശ്രദ്ധിച്ച ബിജെപി നിശബ്ദ പ്രചാരണ ദിവസവും ഇത് തുടർന്നു. വ്യക്തികളെയും വീടുകളെയും അളന്ന് തിരിച്ച് നടത്തിയ പ്രചാരണം വിജയമെത്തിക്കുമെന്നാണ് ബിജെപി പ്രതീക്ഷ. മുപ്പത് വോട്ടർമാർക്ക് ഒരു പ്രചാരകൻ എന്ന നിലയിലായിരുന്നു ബിജെപി പ്രചാരണം നടത്തിയത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലെ ലോകസഭാ തെരഞ്ഞെടുപ്പിലും പിടിച്ച 35 ശതമാനം വോട്ട് വിഹിതം നിലനിർത്തുവാനാകുമെന്ന് തന്നെയാണ് ബിജെപി ക്യാമ്പ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി നിർണ്ണയത്തിലുണ്ടായ തുടക്കത്തിലെ പരസ്യപോര് ഈ വോട്ട് വിഹിതത്തിൽ വിള്ളൽ വീഴ്ത്തുമോ എന്ന് കാത്തിരുന്ന് കാണണം. കന്നഡ മേഖലകളിലെ രവീശ തന്ത്രിയുടെ സ്വാധീനം ഗുണകരമാകുമെന്ന് ബിജെപി ഉറച്ച് വിശ്വസിക്കുന്നു. ആർഎസ്എസ് നേതൃത്വത്തിന്‍റെ ആശീർവാദത്തോടെ മത്സരിക്കുന്ന രവീശ തന്ത്രിക്ക് മഞ്ചേശ്വരത്തെ ഇത്തവണ കൈപ്പിടിയിലാക്കാനാകുമോ എന്ന് കണ്ടറിയണം.

ഓരോ വോട്ടിന്റെയും വിലയെന്താണെന്ന് മുന്നണികൾ തിരിച്ചറിഞ്ഞ് പ്രവർത്തിച്ച പ്രചാരണ കാലമാണ് കഴിഞ്ഞത്. നാളെ സംസഥാനത്തെ ഒന്നാം നമ്പർ ബൂത്തായ കുഞ്ചത്തൂർ ഗവൺമെന്‍റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മുതൽ മഞ്ചേശ്വരത്തെ 198 ബൂത്തുകളിലും പോളിംങ് ഉയരാനാണ് സാധ്യത.

കൂടുതൽ വായിക്കാം: ആവേശക്കൊടുമുടിയിൽ കൊട്ടിക്കയറി സപ്തഭാഷാ സംഗമഭൂമി, കണക്കുകൂട്ടി മുന്നണികൾ ...

 

Follow Us:
Download App:
  • android
  • ios