കൊച്ചി: അഞ്ച് മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങിയത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്താനായെങ്കിലും പതിറ്റാണ്ടുകള്‍ക്ക് ശേഷം വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം. വലിയ തിരിച്ചടിയാണ് ഏറ്റുവാങ്ങിയതെങ്കിലും രണ്ട് മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടുകളില്‍ മുന്നിലെത്താന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിച്ചു എന്നതാണ് തെരഞ്ഞെടുപ്പിലെ കൗതുകം.

കോന്നി, എറണാകുളം മണ്ഡലങ്ങളില്‍ പോസ്റ്റല്‍ വോട്ടുകളിലാണ് ബിജെപി മുന്നിലെത്തിയത്. എറണാകുളം മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ സി ജി രാജഗോപാല്‍ മൂന്ന് വോട്ടിന്റെ ലീഡാണ് നേടിയത്. 13 സര്‍വീസ് വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറ് വോട്ടുകളാണ് രാജഗോപാലിന് ലഭിച്ചത്. ഈ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ലീഡ് നില എന്‍ഡിഎയ്ക്ക് അനുകൂലമായത് എറണാകുളത്ത് മാത്രമാണ്.

ആദ്യഘട്ടത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ടി.ജെ വിനോദിന് മൂന്നും ഇടതു സ്ഥാനാര്‍ഥി മനു റോയ്ക്ക് രണ്ടും വോട്ടും ലഭിച്ചപ്പോഴാണ് രാജഗോപാല്‍ മൂന്ന് വോട്ടിന്റെ ലീഡ് നേടിയത്. പിന്നീട് ഒരിക്കല്‍ പോലും ഈ ലീഡ് നിലനിര്‍ത്താന്‍ രാജഗോപാലിന് സാധിച്ചില്ല.

കോന്നി മണ്ഡലത്തിലും തപാല്‍ വോട്ടുകള്‍ എണ്ണി തുടങ്ങുമ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ മുന്നിലായിരുന്നു.

അതേസമയം കോന്നിയില്‍ വലിയ പ്രതീക്ഷകളുമായെത്തി മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ട് മടങ്ങിയിരിക്കുകയാണ് സുരേന്ദ്രന്‍. 70.07 ശതമാനം പോളിങ് രേഖപ്പെടുത്തിയ കോന്നിയില്‍ 9953 വോട്ടിന്റെ ഭൂരിപക്ഷമാണ് സിപിഎം സ്ഥാനാര്‍ത്ഥി കെ യു ജനീഷ് നേടിയത്. 54099 വോട്ട് ജനീഷ് നേടി. സുരേന്ദ്രന് ലഭിച്ചതാവട്ടെ 39786 വോട്ടുകളും. യുഡിഎഫ് സ്ഥാനാ്ര്‍ത്ഥി മോഹന്‍രാജ് 44146 വോട്ട് പിടിച്ചു.