തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് തിളക്കമാർന്ന വിജയമാണ് ഉണ്ടായിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എങ്കിലും അരൂരിൽ തോറ്റത് ഇതിന് മങ്ങലേൽപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്.എസിനോട് സഹകരിക്കാന്‍ എല്‍.ഡി.എഫ് ഇപ്പോഴും തയാറാണ്. സമുദായസംഘടനയെ കൂടെനിര്‍ത്തിയാല്‍ എന്തും നടക്കുമെന്ന ധാരണ പൊളിഞ്ഞു.  എൽഡിഎഫ് പ്രവര്‍ത്തകര്‍ അമിതാഹ്ളാദം കാട്ടരുത്. ആരുടെയും കോലം കത്തിക്കരുതെന്നും കോടിയേരി പറഞ്ഞു. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് മേൽക്കൈ നേടിയ മണ്ഡലങ്ങളാണ് ഇവയെന്ന് കോടിയേരി പറഞ്ഞു. പാലായിലും യുഡിഎഫിനായിരുന്നു മേൽക്കൈ. അങ്ങനെ യുഡിഎഫിന് മേൽക്കൈ ഉണ്ടായിരുന്ന ആറ് മണ്ഡലങ്ങളിൽ മൂന്നിലും എൽഡിഎഫ് മികച്ച വിജയമാണ് നേടിയിരിക്കുന്നത്. അരൂരിലെ തോൽവി പ്രത്യേകം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവ്, കോന്നി മണ്ഡലങ്ങളിലെ വലിയ മുന്നേറ്റമാണ് ഇടതുപക്ഷം നടത്തിയിരിക്കുന്നത്. "ഈ ജനവിധി സർകാരിനുള്ള അംഗീകാരമാണ്. പ്രതിപക്ഷത്തിന്റെ നശീകരണ സമീപനത്തിനുള്ള മറുപടിയാണ്. അതോടൊപ്പം മത നിരപേക്ഷതയുടെ അടിത്തറ കേരളത്തിൽ ശക്തമാണെന്ന് തെളിയിക്കുന്ന വിധിയാണ് ഇത്. ആർഎസ്എസിന്റെ എല്ലാ പ്രതീക്ഷയും തകർന്നു," കോടിയേരി പറഞ്ഞു.