തിരുവനന്തപുരം: ശരിദൂര പ്രഖ്യാപനത്തിനിടയിലും യുഡിഎഫ് അനുകൂല നിലപാട് ആഹ്വാനം ചെയ്ത് എൻഎസ്എസ് നേതൃത്വം പരസ്യമായി രംഗത്ത്. ശരിദൂരമെന്നാൽ യുഡിഎഫ് അനുകൂല നിലപടാണെന്ന് എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവും തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ സംഗീത് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, എൻഎസ്എസ് പണ്ടൊരു രാഷ്ട്രീയപ്പാർട്ടിയുണ്ടാക്കിയത് ഓർമയില്ലേ എന്ന് ചരിത്രം ഓർമിപ്പിക്കുകയാണ് കോടിയേരി. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലും കാണാത്തവിധം സജീവമാണ് എൻഎസ്എസ്. കരയോഗങ്ങൾക്ക് കീഴിൽ സമ്മേളനം വിളിക്കുന്നതെല്ലാം താലൂക്ക് യൂണിയൻ പ്രസിഡണ്ട് അടക്കമുള്ള ഭാരവാഹികൾ തന്നെ. വിശ്വാസത്തിൽ ഒരിഞ്ചുപോലും വിട്ടുവീഴ്ച പാടില്ലെന്ന സമുദായ നേതൃത്വത്തിന്‍റെ സന്ദേശമാണ് അണികൾക്ക് നൽകുന്നത്. സമദൂരത്തിനിടയിലും ജനറൽ സെക്രട്ടറി കണ്ടെത്താൻ പറഞ്ഞ ശരിദൂരമെന്നാൽ യുഡിഎഫ് ചായ്‍വ് എന്ന വിധമാണ് സമ്മേളനങ്ങളിലെ വിശദീകരണം.

വട്ടിയൂർകാവിലെ 38 കരയോഗങ്ങളിലെ സമ്മേളനത്തിലും യുഡിഎഫ് അനുകൂല നിലപാട് എടുക്കാനാണ് ആഹ്വാനം.

'വർഷങ്ങൾക്ക് ശേഷം സമദൂരത്തിൽ നിന്ന് മാറി ശരിദൂരത്തിലെത്തിയിരിക്കുകയാണ്. ആ തീരുമാനം നമ്മൾ താഴേത്തട്ടിൽ നടപ്പാക്കുന്നു, അത്രയേയുള്ളൂ' എന്ന് പറയുകയാണ് തിരുവനന്തപുരം താലൂക്ക് യൂണിയൻ പ്രസിഡണ്ട് സംഗീത് കുമാർ. അത് യുഡിഎഫ് ചായ്‍വാണോ എന്ന് ചോദിക്കുന്പോൾ സംശയമില്ല മറുപടിയിൽ. ബിജെപിക്കും എൽഡിഎഫിനുമെതിരായ വിമർശനമാണല്ലോ, അതിനർത്ഥം അത് യുഡിഎഫിന് ഗുണകരമായി വരുമെന്നാണല്ലോ എന്ന് സംഗീത് കുമാർ പറയുന്നു. 

ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വിശ്വാസ സംരക്ഷണത്തിന് എൻഎസ്എസ് മുന്നിട്ടിറങ്ങിയപ്പോഴും പിന്തുണ യുഡിഎഫിനോ ബിജെപിക്കോ എന്ന സംശയം രാഷ്ട്രീയകേന്ദ്രങ്ങൾക്ക് ഉണ്ടായിരുന്നു. പക്ഷെ ഇത്തവണ സംസ്ഥാന സർക്കാറിനെയും കേന്ദ്രത്തെയും സുകുമാരൻ നായർ ഒരു പോലെ തള്ളിപ്പറഞ്ഞതോടെ ശരിദൂരം യുഡിഎഫ് ചായ്‍വെന്ന് വ്യക്തമാകുന്ന രീതിയിലാണ് പ്രവർത്തനം.

വട്ടിയൂർക്കാവ്, കോന്നി അടക്കമുള്ള സ്വാധീനമേഖലകളിൽ എൻഎസ്എസിന്‍റെ ഈ സജീവരംഗപ്രവേശം ഏറെ നിർണ്ണായകമാകുമെന്നുറപ്പാണ്.

കോടിയേരി പറയുന്നത്..

സ്വന്തമായി രാഷ്ട്രീയ പാർട്ടിയുണ്ടാക്കി പരസ്യമായി നിലപാടെടുത്ത പഴയ കാലത്തേക്ക് എൻഎസ്എസ് തിരിച്ചുപോവുകയാണോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിക്കുന്നത്. എല്ലാ പാർട്ടിയിലും പെട്ട ആളുകൾ എൻഎസ്എസിൽ ഉണ്ട്. സ്വന്തം രാഷ്ട്രീയാഭിപ്രായമുള്ളവർ അതനുസരിച്ച് വോട്ട് ചെയ്യുമെന്നും കോടിയേരി പറഞ്ഞു.