Asianet News MalayalamAsianet News Malayalam

നവോത്ഥാന നായകന്‍റെ അട്ടപ്പേറവകാശം കക്ഷത്ത് വയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകര്‍ന്നു: ചെന്നിത്തല

സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വരുന്നു എന്ന് പറയുന്ന പോലെ സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും ചെന്നിത്തല

opposition leader ramesh chennithala against cm pinarayi vijayan
Author
Kuwait City, First Published Oct 12, 2019, 6:36 PM IST

ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം തന്‍റെ കക്ഷത്ത് ആരെങ്കിലും ഏൽപിച്ച്  തന്നിട്ടുണ്ടോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചോദ്യത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. നവോത്ഥാന നായകന്‍റെ അട്ടപ്പേറവകാശം കക്ഷത്ത് വക്കാനുള്ള മുഖ്യമന്ത്രിയുടെ മോഹം തകർന്നെന്നും അതിന് തന്‍റെ തലയിൽ കയറിയിട്ട് കാര്യമില്ലന്നുമാണ് ചെന്നിത്തല മറുപടി നല്‍കിയത്.

സത്യം പറഞ്ഞപ്പോൾ കള്ളിക്ക് തുള്ളൽ വരുന്നു എന്ന് പറയുന്ന പോലെ സത്യം കേട്ടപ്പോൾ മുഖ്യമന്ത്രിയുടെ സമനില തെറ്റുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരത്തെ ഇടതു സ്ഥാനാർഥിയെ അപമാനിച്ചിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ശബരിമലയിൽ വിശ്വാസത്തെ ചവിട്ടി തേച്ച ശേഷം, വിശ്വാസത്തിന്‍റെ പേര് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാനാണ് സി പി എം ശ്രമമെന്നും ചെന്നിത്തല കുവൈത്തിൽ പറഞ്ഞു.

നേരത്തെ മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷനേതാവിന്‍റെ കക്ഷത്ത് ആരാണ് ഹിന്ദുവിന്‍റെ അട്ടിപ്പേറവകാശം വച്ച് തന്നതെന്ന് മുഖ്യമന്ത്രി പിണറായി ചോദിച്ചിരുന്നു. മഞ്ചേശ്വരത്തെ സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ കപട ഹിന്ദു പ്രയോഗം നടത്തിയത് വർഗീയ കാർഡിറക്കാനുള്ള ശ്രമമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥി ഹിന്ദുവല്ലെന്നും കപട ഹിന്ദുവാണെന്നും പറയാനുള്ള അൽപത്തം എങ്ങനെയാണ് വന്നതെന്നും ചോദിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios