കോട്ടയം: ഉപതെരഞ്ഞെടുപ്പ് നിലപാടിൽ വിശദീകരണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരന്‍ നായർ. തെരഞ്ഞെടുപ്പ് ഫലം എന്തായാലും സമദൂരത്തിൽ നിന്നും ശരി ദൂരത്തിലേക്ക് പോകാനുള്ള കാരണം വിശ്വാസ സംരക്ഷണം മാത്രമാണ്. ശരിദൂരം ശരിയെന്ന് കാലം തെളിയിക്കും. സർക്കാർ വിശ്വാസം ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആരോപിച്ചു.  

ശരിദൂരമാണെങ്കിലും എൻഎസ്എസ് പ്രവർത്തകർക്ക് രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ തടസമില്ലായിരുന്നു. മുന്നാക്ക പിന്നാക്ക വിഭാഗങ്ങൾക്ക് ഇടയിൽ ചേരിതിരിവ് ഉണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് സർക്കാർ ശ്രമിച്ചു. മുന്നാക്ക വിഭാഗത്തിന് നീതി ലഭിക്കാൻ വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിച്ചത്. വട്ടിയൂർകാവിൽ താലൂക്ക് യൂണിയൻ സ്വീകരിച്ചത് അവരുടെ നിലപാടാെണെന്നും മാധ്യമങ്ങൾ കാര്യമറിയാതെ വിമർശിക്കുകയാണെന്നും സുകുമാരൻ നായർ വ്യക്തതമാക്കി. വട്ടിയൂർക്കാവ്, കോന്നി ഉപതെരഞ്ഞെടുപ്പ് ഫലം എൻഎസ്എസ് നിലപാടിനേറ്റ തിരിച്ചടിയാണെന്ന വിമർശനത്തിനാണ് ജനറൽ സെക്രട്ടറി വിശദീകരണം നൽകിയത്.