തിരുവനന്തപുരം: അഞ്ചിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ കൂട്ടലും കിഴിക്കലുമായി മുന്നണികൾ. വിജയ പ്രതീക്ഷ വച്ച് പുലർത്തുമ്പോഴും  പോളിംഗ് ശതമാനം കുറഞ്ഞത് മുന്നണികളുടെ കണക്ക് കൂട്ടലുകളിൽ മാറ്റം ഉണ്ടാക്കിയിട്ടുണ്ട്. ശക്തമായ ത്രികോണ മത്സരം നടന്നയിടങ്ങളിൽ പോലും പോളിംഗ് കുറഞ്ഞത് എങ്ങനെ സ്വാധീനിക്കും എന്ന ആശങ്കയും മുന്നണികൾക്കുണ്ട്. കനത്ത മഴ വോട്ടിംഗ് ശതമാനത്തിലെ മുന്നണി കണക്കൂകൂട്ടലുകൾ ആകെ തെറ്റിച്ചതോടെ പലയിടത്തും ഇത് വരെ കാണാത്ത ആശങ്ക പ്രകടമാണ്.

കനത്ത മഴ വെല്ലുവിളിയായ എറണാകുളത്താണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത്- 57.89 ശതമാനം. അരൂരിലാണ് ഏറ്റവും ഉയർന്ന പോളിംഗ് ശതമാനം. 80.47 ശതമാനം. മഞ്ചേശ്വരത്ത് 75.82, കോന്നിയിൽ 71. വട്ടിയൂർക്കാവിൽ 62.66, എന്നിങ്ങനെയാണ് പോളിംഗ് ശതമാനം. മറ്റെന്നാളാണ് വോട്ടെണ്ണൽ. 

പോളിംഗ് ശതമാനം ഏറ്റവും കൂടിയ അരൂർ തന്നെയാണ് വാശിയേറിയ പോരാട്ടത്തിന് വേദിയായത്. കനത്ത മഴയെ അവഗണിച്ചും വോട്ടർമാരുടെ നീണ്ട നിര ബൂത്തുകളിൽ ഉണ്ടായി. അതേ ഇടത്താണ് സമീപ മണ്ഡലമായ എറണാകുളത്തെ പോളിംഗ് ശതമാനം 60  ശതമാനം പോലും കടന്നിട്ടില്ല. 

പോളിംഗ് ശതമാനം കുറഞ്ഞതിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ പരസ്യമായി തന്നെ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ആണ് കുറഞ്ഞ പോളിംഗിൽ ആശങ്ക രേഖപ്പെടുത്തിയത്.എന്നാൽ വിജയം സുനിച്ഛിതമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പ്രതികരിച്ചു.  ഉപതെരെ‍ഞ്ഞെടുപ്പിൽ കഴിഞ്ഞര നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയതോടെ പരസ്പരം പഴിചാരുകയാണ് സ്ഥാനാർത്ഥികൾ. അതേ സമയം 5000ത്തിലും 7000ത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പങ്കു വച്ചു.

എൻഎസ്എസിന്റെ ശരിദൂര നിലപാട് മണ്ഡലത്തിലെ പ്രബുദ്ധരായ വോട്ടർമാരെ ബാധിച്ചിട്ടില്ലെന്ന പ്രതീക്ഷയും എൽഡിഎഫിനുണ്ട്. അതേ സമയം യുഡിഎഫ്- എൽഡിഎഫ് വോട്ടുകളിൽ ഏതെങ്കിലും തരത്തിലുള്ള അടിയൊഴുക്കുകളുണ്ടായിട്ടുണ്ടോയെന്ന ആശങ്ക എൽഡിഎഫ് ക്യാമ്പുകളിലുണ്ട്.

ആദ്യാവസാനം സസ്പെൻസ് നിലനിര്‍ത്തിയ കോന്നി മണ്ഡലത്തിൽ മൂന്ന് മുന്നണികളും ഒരു പോലെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണ് കോന്നിയിൽ ഇത്തവണ രേഖപ്പെടുത്തിയത്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു. 

സീതത്തോട് ചിറ്റാർ അടക്കമുള്ള  ശക്തി കേന്ദ്രങ്ങളിൽ വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായത് ഇടത് മുന്നണിക്ക് പ്രതീക്ഷ നൽകുന്നതാണ്. തണ്ണിത്തോട് ,കോന്നി, പ്രമാടം, വള്ളിക്കോട് തുടങ്ങിയിടങ്ങളിൽ പോളിംഗ് കൂടിയത് അനുകൂലമാകുമെന്ന വിലയിരുത്തലാണ് യുഡിഎഫ്. ഈഴവ വോട്ട്ബാങ്ക് ഉള്ള ഇടത് ശക്തി കേന്ദ്രങ്ങളിലെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലും കോന്നി, പ്രമാടം, വള്ളിക്കോട് പഞ്ചായത്തുകളിലെ ഓര്‍ത്തഡോക്സ് വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള നീക്കങ്ങളിലുമാണ് ബിജെപി പ്രതീക്ഷ വക്കുന്നത്. 

സംഘടനാ സംവിധാനത്തിന് ആഴത്തിൽ വേരോട്ടമുള്ള കോന്നി തിരിച്ച് പിടിക്കാനിറങ്ങിയ എൽഡിഎഫിനും ആദ്യഘചട്ടത്തിലെ സ്ഥാനാര്‍ത്ഥിത്വ തര്‍ക്കങ്ങൾക്കിടയിൽ 23 വര്‍ഷം കൊണ്ടുനടന്ന സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനിറങ്ങിയ യുഡിഎഫിനും അടൂര്‍ പ്രകാശിന്റെ അസാന്നിധ്യം ഇത്തവണ നിര്‍ണ്ണായകമാണ്. ന്യൂനപക്ഷ പിന്തുണക്കൊപ്പം ശബരിമലയുടെ സ്വീകാര്യത കൂടി അളക്കുന്ന ഫലമാണ് ബിജെപിയെയും കാത്തിരിക്കുന്നത്. 

വലിയ ഭൂരിപക്ഷം ഉണ്ടാകില്ലെങ്കിലും ജയിക്കുമെന്നാണ് അരൂരിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും അവസാന കണക്ക്കൂട്ടൽ. 25000 ൽ കുറയാത്ത വോട്ട് നേടിയില്ലെങ്കിൽ ബിഡിജെഎസ് പാലം വലിച്ചെന്ന നിഗമനത്തിൽ എത്താമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

2016 ൽ  എ എം ആരിഫ് നേടിയ 38519 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെങ്കിലും അയ്യായിരത്തിലധികം വോട്ടുകൾക്ക് ജയം ഉറപ്പെന്നാണ് ഇടത് ക്യാമ്പിന്റെ കണക്കുകൂട്ടൽ. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ അരൂരിൽ ഷാനിമോൾക്ക് കിട്ടിയ 648 വോട്ടിന്റെ നേരിയ ലീഡ് ഇത്തവണയും ആവർത്തിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തുന്നു. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം അനുകൂലമാകുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു

ബിജെപി- ബിഡിജെഎസ് അസ്വാരസ്യങ്ങൾ പരസ്യമായി രംഗത്തു വന്നതോടെ ശ്രദ്ധേയമായ മണ്ഡലത്തിൽ ബിഡിജെഎസിന്റെ വോട്ടുകൾ കിട്ടിയില്ലെന്ന വിലയിരുത്തലാണ് ബിജെപി ക്യാമ്പ് നിലവിൽ പ്രകടിപ്പിക്കുന്നത്. ഈഴവ വോട്ടുകൾ ഏറെ നിർണായകമായ മണ്ഡലത്തിൽ ബിജെപിക്ക് ഇത് ഗുണം ചെയ്തേക്കില്ല. എന്നാൽ  25000ന് അടുത്ത് വോട്ടുകൾ നേടാൻ കഴിയുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

മഴ ഏറ്റവും വില്ലനായ എറണാകുളം മണ്ഡലത്തിൽ പോളിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫ് ഉൾപ്പെടെയുള്ള മുന്നണികളെ ആശങ്കയിലാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ മണ്ഡലത്തിൽ കാര്യങ്ങൾ ൧൦൦ ശതമാനം എന്ന വിലയിരുത്തലായിരുന്നു തെരഞ്ഞെടുപ്പിന് തലേന്നു വരെ വലത് ക്യാമ്പിന് ഉണ്ടായിരുന്നത്. മണ്ഡലത്തിന് അധികം പരിചിതനല്ലാത്ത മനു റോയിയെ മികച്ച എതിരാളിയായ യുഡിഎഫി കണ്ടിരുന്നുമില്ല. എന്നാൽ നിനക്കാതെ പെയ്ത മഴ വോട്ടിനെ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്ക വലതുമുന്നണിയെ അലട്ടി തുടങ്ങിയിട്ടുണ്ട്. പോളിംഗ് കുറയുന്നത് യുഡിഎഫിന് പ്രതികൂലമാകുന്ന ചരിത്രമാണ് ഇത് വരെ എറണാകുളത്തുയത് എന്നതാണ് ആശങ്ക കൂട്ടുന്നത്. 

ശക്തമായ ത്രികോണ മത്സരം നടന്ന മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ 75.82 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിനേക്കാളും ഉയർന്ന പോളിങ് ശതമാനമാണിത്. ഉയർന്ന പോളിംഗ് ശതമാനം അനുകൂലമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നത്.  സംസ്ഥാനത്ത് കനത്ത മഴ തെരഞ്ഞെടുപ്പിനെ ബാധിച്ചെങ്കിലും മഞ്ചേശ്വരത്ത് കാലാവസ്ഥ അനുകൂലമായിരുന്നു.

ലീഗിന് സ്വാധീനമുള്ള തീരദേശ മേഖലകളിൽ കനത്ത പോളിംഗാണ് ഉണ്ടായത് വലത് ക്യാമ്പിന് പ്രതീക്ഷ നൽകുന്നു. ബിജെപിക്കെതിരായ ന്യൂനപക്ഷ ഏകീകരണവും പൗരത്വ പ്രശ്നമടക്കമുള്ള കേന്ദ്ര സർക്കാർ നയങ്ങളും നിർണായകമായി. എപി സുന്നി വിഭാഗം അടക്കം എല്ലാ മുസ്ലിം ഗ്രൂപ്പുകളും യുഡിഎഫിനെ പിന്തുണച്ചു. പതിവിനു വ്യത്യസ്തമായി പ്രചാരണത്തിൽ കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യം മണ്ഡലത്തില്‍ മുന്നണിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷ നിലനില്‍ക്കുന്നുണ്ട്.

സ്ഥിരതയാര്‍ന്ന പ്രവര്‍ത്തനം മികച്ച ഫലം നൽകുമെന്ന പ്രതീക്ഷയാണ് ബിജെപിക്ക് ഉള്ളത്. കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനം ഇത്തവണയും ആവര്‍ത്തിക്കുമെന്ന ശുഭാപ്തി വിശ്വാസവും എന്‍ഡിഎ പങ്കു വക്കുന്നു. പാർട്ടി വോട്ടുകൾ സ്വന്തം ചിഹ്നത്തിലുറപ്പിക്കാൻ ബിജെപിയ്ക്ക്  കഴിയുമെങ്കിലും ന്യൂനപക്ഷ വോട്ടുകളും നിഷ്‍പക്ഷ വോട്ടുകളും ആകർഷിക്കാൻ കഴിയാഞ്ഞതായിരുന്നു എപ്പോഴും വിജയത്തിന് വിലങ്ങുതടിയായത്. ഇത്തവണ അത് മറികടക്കാമെന്ന പ്രതീക്ഷയിലാണ് മുന്നണി. 

വിശ്വാസിയാണെന്ന ലേബൽ നിഷേധിക്കാത്ത, ശബരിമലയിലടക്കം കൃത്യമായി നിലപാട് വ്യക്തമാക്കുന്ന ഇടത് സ്ഥാനാര്‍ഥി ശങ്കർ റൈയുടെ ഇമേജ് മറ്റ് രണ്ട് മുന്നണികൾക്കും ഭീഷണിയുണ്ടാക്കുന്നതാണ്. പ്രാദേശികമായി ശക്തമായ ബന്ധങ്ങളുണ്ടെന്നതും മുന്നണിക്ക് വലിയ പ്രതീക്ഷ നല്‍കുന്നു.