തിരുവനന്തപുരം:  ബിജെപിക്ക് മഞ്ചേശ്വരത്തുണ്ടായത് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. വട്ടിയൂർക്കാവിലെ തിരിച്ചടി ഗൗരവകരമാണ്. ബിജെപി തോറ്റമ്പി എന്ന നിലയിലുള്ള പ്രചാരണം ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

വോട്ടുകളുടെ കണക്കു നോക്കുമ്പോള്‍ തെക്കു മാത്രമല്ല വടക്കും നോക്കണം. എറണാകുളത്തെ കാര്യവും നോക്കണം. കോന്നിയില്‍ 12 ശതമാനം വോട്ടുകളേ ബിജെപിക്ക് ലഭിക്കൂ എന്നായിരുന്നല്ലോ പലരും പറഞ്ഞത്. പക്ഷേ, സത്യം അതല്ലെന്ന് തെളിഞ്ഞല്ലോ. 

വട്ടിയൂര്‍ക്കാവിലെ കാര്യം പരിശോധിക്കണം. വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരുടെ സമൂഹമാണ് നമ്മുടേത്. അത്തരം വൈവിധ്യങ്ങളുടെ പേരില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍  അവരെയും കൂടെ നിര്‍ത്താന്‍ സാധിക്കും.  അസാധ്യമായത് ഒന്നുമില്ല. 

Read Also: വട്ടിയൂർക്കാവിൽ ബിജെപിക്ക് വൻ തിരിച്ചടി; കാൽ ലക്ഷത്തോളം വോട്ട് കുറഞ്ഞു

ബിജെപിക്ക് ഒരു സാമുദായിക പ്രസ്ഥാനത്തോടും എതിര്‍പ്പില്ല. രാഷ്ട്രീയത്തില്‍ വേലിയേറ്റവും വേലിയിറക്കവും പതിവാണ്. ബിജെപിക്ക് ധാരാളം പ്ലസ് പോയിന്‍റുകളുണ്ട്. അതു മനസ്സിലാക്കിയുള്ള വിലയിരുത്തല്‍ പാര്‍ട്ടി നടത്തും. അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.