തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ ബിജെപി തിരിച്ചടി നേരിട്ടേക്കാമെന്ന സൂചന നല്‍കി ബിജെപി നേതാവും നേമം എംഎല്‍എയുമായ ഒ.രാജഗോപാല്‍.  ഉപതെരഞ്ഞെടുപ്പ് ആയതിനാല്‍ വലിയ ഗൗരവത്തോടെയല്ല ജനങ്ങള്‍ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പിനെ കണ്ടതെന്നും രാജഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ടുക്കച്ചവടം നടന്നിരിക്കാന്‍ സാധ്യതയുണ്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മേയറായതിനാല്‍ അയാളെ ജയിപ്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കോര്‍പ്പറേഷനിലെ മുഖ്യപ്രതിപക്ഷം ബിജെപിയാണ്. 

ആര്‍എസ്എസ് ഉപതെരഞ്ഞെടുപ്പില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നോ എന്ന ചോദ്യത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേത് പോലെ ഗൗരവത്തോടെയല്ല വോട്ടര്‍മാരും പ്രവര്‍ത്തകരും ഉപതെരഞ്ഞെടുപ്പിനെ സമീപിച്ചതെന്ന് രാജഗോപാല്‍ പറഞ്ഞു. 

വട്ടിയൂര്‍ക്കാവിലെ ന്യൂനപക്ഷങ്ങള്‍ ബിജെപിക്ക് അനുകൂലമായോ പ്രതികൂലമായോ വോട്ടു ചെയ്തിട്ടില്ല. എന്നാല്‍ ഒരു വിഭാഗം കോണ്‍ഗ്രസിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് തനിക്ക് കിട്ടിയ റിപ്പോര്‍ട്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.