മണ്ഡലത്തിൽ അടൂർ പ്രകാശ് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ യുഡിഎഫിന് വോട്ട് ചെയ്യാനാണ് ആഹ്വാനം.

കോന്നി: ആലത്തൂരിൽ ഹിറ്റായ രമ്യയുടെ വ്യത്യസ്ത വോട്ടഭ്യർത്ഥന കോന്നിയിലും. കോന്നിയിലെ യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിനായി പാട്ടുപാടി വോട്ടു തേടിയിരിക്കുകയാണ് ആലത്തൂർ എംപി രമ്യ ഹരിദാസ്. കുടുംബയോഗങ്ങളിലും പൊതുയോഗങ്ങളിലുമാണ് രമ്യ പാട്ടുപാടി വോട്ടർമാരെ കയ്യിലെടുക്കുന്നത്. പാട്ടുപാടി പ്രസ്ഥാനം വളർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരാണ് തന്‍റെ പാട്ടിനെ ഇപ്പോൾ വിമർ‍ശിക്കുന്നതെന്ന് രമ്യ പറഞ്ഞു. ഇക്കാര്യം സൂചിപ്പിക്കാൻ കെപിഎസിയുടെ ഗാനങ്ങൾ ആലപിച്ചുകൊണ്ടായിരുന്നു തുടക്കം. 

മണ്ഡലത്തിൽ അടൂർ പ്രകാശ് തുടങ്ങി വെച്ച വികസന പ്രവർത്തനങ്ങൾ തുടരാൻ യുഡിഎഫിന് വോട്ട് ചെയ്യാനാണ് ആഹ്വാനം. പക്ഷെ പ്രസംഗത്തിന് കാര്യമായ കയ്യടി കിട്ടുന്നില്ലെന്ന് കണ്ടതോടെ വീണ്ടും പാട്ടിലേക്കെത്തി. കുടുംബയോഗങ്ങളിൽ രമ്യയുടെ പാട്ടുകേൾക്കാനും സെൽഫി എടുക്കാനും യുവതി യുവാക്കളുടെ തിരക്കാണ്. പത്തില്‍ അധികം കുടുംബയോഗങ്ങളിൽ പങ്കെടുത്ത് കൊണ്ട് കോന്നിയിൽ കോൺഗ്രസ്സിന്‍റെ തിരക്കുള്ള പ്രചാരണ നായികയായിമാറി കഴിഞ്ഞിരിക്കുകയാണ് രമ്യഹരിദാസ്.