തിരുവനന്തപുരം: യുഡിഎഫിനെ വിജയിപ്പിക്കണമെന്ന എൻഎസ്എസ് ആഹ്വാനം വട്ടിയൂർക്കാവിലെ ജനങ്ങള്‍ തള്ളി കളഞ്ഞുവെന്ന് സിപിഎം. എൻഎസ്എസ് വഴി
ആർഎസ്എസ് വോട്ടുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഒരു സമുദായ സംഘടനയുടെയും കുത്തകയല്ല വട്ടിയൂർക്കാവെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അയ്യായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വി കെ പ്രശാന്ത് വട്ടിയൂർക്കാവിൽ ജയിച്ചു കയറുമെന്നും ആനാവൂർ നാഗപ്പൻ പ്രതീക്ഷ പങ്കു വച്ചു.

തെരഞ്ഞെടുപ്പിന്റെ തുടക്കം മുതൽ എൽഡിഎഫിന് അനുകൂലമായ വികാരം ആണ് മണ്ഡലത്തിൽ ഉയർന്നു വന്നതെന്നും ആനാവൂർ നാഗപ്പൻ പറയുന്നു. സംസ്ഥാന സർക്കാർ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക തന്നെ ചെയ്യും. മത്സരിച്ച മൂന്ന് സ്ഥാനാർത്ഥികളെ പരിഗണിച്ചാൽ ജനങ്ങൾക്കിടയിൽ ഏറ്റവും സ്വീകാര്യനായ സ്ഥാനാർത്ഥിയായിരുന്നു സിപിഎമ്മിന്റേതെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു

'ഒരു സമുദായ സംഘടനയുടെയും അടിമയല്ല ജനങ്ങൾ'

എൻഎസ്എസ് ഇടതുമുന്നണിക്കെതിരെ എടുത്ത ശരിദൂര നിലപാട് വോട്ടായി മാറിയിട്ടില്ലെന്നാണ് കുറഞ്ഞ പോളിംഗ് ശതമാനം സൂചിപ്പിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ പറഞ്ഞു.'മുൻ കാലഘട്ടങ്ങളിൽ കോൺഗ്രസിന് അനകൂലമായ പരമ്പരാഗതമായ ക്രിസ്ത്യൻ വോട്ടുകൾ ഉണ്ടായിരുന്നു. ഇത്തവണ ആ വോട്ടുകൾ അവർക്ക് കാര്യമായി ലഭിച്ചിട്ടുമില്ല. അതിൽ നല്ലൊരു വിഭാഗം ആളുകളും എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും സിപിഎം വിലയിരുത്തുന്നു.  ഒരു സമുദായ സംഘടനയ്ക്കും ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയില്ലെന്നത് ഈ തെരഞ്ഞെടുപ്പ് തെളിയിക്കു'മെന്നും ആനാവൂർ കൂട്ടിച്ചേർത്തു.

'ആർഎസ്എസിന് വോട്ട് മറിക്കാൻ കോൺഗ്രസ് ശ്രമം'

ആർഎസ്എസുമായി ധാരണയുണ്ടാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചിട്ടുണ്ട്. എൻഎസ്എസിലൂടെ ആർഎസ്എസിന് വോട്ട് പിടിക്കാൻ ആണ് കോൺഗ്രസ് പരിശ്രമിച്ചത്. ഇതിന് മറയിടാൻ വേണ്ടിയാണ് ബിജെപി സിപിഎം അടിയൊഴുക്ക് എന്ന ആരോപണം മുരളീധരൻ ഉന്നയിച്ചതെന്നും ആനാവൂർ നാഗപ്പൻ കുറ്റപ്പെടുത്തി.

പോളിംഗ് ശതമാനം കുറഞ്ഞതിൽ വട്ടിയൂർക്കാവിലെ സ്ഥാനാർത്ഥികൾ ഇതിനോടകം ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി കഴിഞ്ഞു. യുഡിഎഫ്, ബിജെപി സ്ഥാനാർത്ഥികൾ ആണ് കുറഞ്ഞ പോളിംഗിൽ ആശങ്ക രേഖപ്പെടുത്തിയത്.എന്നാൽ വിജയം സുനിച്ഛിതമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത്.  5000ത്തിലും 7000ത്തിനും ഇടയിൽ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന ശുഭാപ്തിവിശ്വാസമാണ് എൽഡിഎഫ് സ്ഥാനാർത്ഥി വി കെ പ്രശാന്ത് പങ്കു വയ്ക്കുന്നത്.