കോന്നി: ശബരിമല വിമാനത്താവള പദ്ധതിക്കായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കം കോന്നി തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുകയാണ് മുന്നണികൾ. ഭൂമി ഏറ്റെടുക്കൽ അഴിമതിയാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ പദ്ധതിയിൽ നിന്ന്  പിന്നോട്ട് ഇല്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കോന്നിയിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പിണറായി വിജയൻ വ്യക്തമാക്കി. 

പക്ഷെ പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ തീരുമാനം ആയുധമാക്കുകയാണ് പ്രതിപക്ഷം. ശബരിമലയുടെ പേരിൽ ചെറുവള്ളി ഏറ്റെടുക്കുന്നത് അഴിമതിയാണെന്നും ഹാരിസന്റെ മുഴുവൻ ഭൂമി ഇടപാടുകളും സാധൂകരിക്കലാണ് നടപടിയിലൂടെ ഉണ്ടാവുകയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കുന്നു. ഇത് ഹാരിസണെ ജയിപ്പിക്കാനുള്ള കള്ളക്കളിയാണ്. അതിന് വേണ്ടിയാണ് വിമാനത്താവളത്തിന്റെ ഓമനപ്പേരിട്ട് വിവാദഭൂമി ഏറ്റെടുക്കാൻ ശ്രമിക്കുന്നത്. യുഡിഎഫിന് ഇതിൽ യാതൊരു കള്ളക്കളിയുടെ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല കോന്നിയിൽ പറ‌ഞ്ഞു.

രമേശ് ചെന്നിത്തലയെ കൂടാതെ മുതിർന്ന കോൺഗ്രസ് നേതാക്കളായ വി എം സുധീരൻ, എംഎം ഹസൻ അടക്കമുള്ളവർ ചെറുവള്ളി ഭൂമി ഏറ്റെടുക്കലിനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ശബരിമല വിമാനത്താവള പദ്ധതി ഭൂമി ഏറ്റെടുക്കൽ  തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ശബരിമല വിമാനത്താവളത്തിനായി പണം കെട്ടിവച്ച് ചെറുവള്ളി എസ്‍റ്റേറ്റ് ഏറ്റെടുക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ വൻ ഗൂഡലോചനയെന്നായിരുന്നു വി എം സുധീരന്റെ കുറ്റപ്പെടുത്തൽ. കയ്യേറ്റക്കാർക്ക് ഭൂമിയുടെ അവകാശം സ്ഥാപിച്ചു നൽകുന്ന നീക്കമാണിതെന്നും നിയമനിർമാണത്തിലൂടെ നേരത്തെ തന്നെ സർക്കാർ ഭൂമി ഏറ്റെടുക്കണമായിരുന്നുവെന്നും സുധീരൻ വ്യക്തമാക്കിയിരുന്നു. 

എന്നാൽ യുഡിഎഫും എൽഡിഎഫും ചെറുവള്ളിയുടെ കാര്യത്തിൽ ഒത്തുകളിക്കുകയാണെന്നാരോപിച്ച ബിജെപി ബോഫോഴ്സിനേക്കാൾ വലിയ അഴിമതിയാണ് ഭൂമി ഏറ്റെടുക്കലിൽ നടക്കുന്നതെന്ന് കുറ്റപ്പെടുത്തുന്നു. കോടികളുടെ അഴിമതി നടന്ന ഇടപാടിൽ എൽഡിഎഫിന് മാത്രമല്ല, കോൺഗ്രസിനും പങ്കുണ്ടെന്ന് ബിജെപി ആരോപിച്ചു. കേരള കണ്ട ഏറ്റവും വലിയ അഴിമതിയാണ് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കൽ. സർക്കാർ  പണം കൊടുത്ത് ഭൂമി വാങ്ങുന്നതിൽ നിന്നും പിന്മാറണം. ഭൂമിയുടെ കൈവശാവകാശത്തെപ്പറ്റി സി ബി ഐ അന്വേഷണം നടത്തണം എന്നിങ്ങനെയാണ് ബിജെപിയുടെ ആരോപണങ്ങൾ. ചെറുവള്ളി ഭൂമി ഏറ്റെടുക്കലിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നും കോന്നിയിൽ പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം കോന്നിയിൽ എത്തിയ മുഖ്യമന്ത്രി പദ്ധതി നടപ്പാക്കുമെന്ന് ആവർത്തിച്ചു. പ്രാഥമിക പഠനങ്ങൾ ഇക്കാര്യത്തിൽ നടന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെറുവള്ളി ഭൂമിയുടെ ഉടമസ്ഥത സർക്കാരിന് തന്നെയാണെന്നായിരുന്നു സിപിഐയുടെ നിലപാട്.  ഉടമസ്ഥാവകാശം സ്ഥാപിച്ച് കിട്ടാനുള്ള നടപടി മാത്രമാണ്  സർക്കാർ നടത്തുന്നതെന്നും മന്ത്രിസഭായോഗം ഇക്കാര്യത്തിൽ മറ്റൊരു തീരുമാനവും എടുത്തിട്ടില്ല എന്നുമായിരുന്നു വിഷയത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്. ചെറുവള്ളി ഏറ്റെടുക്കുന്നതിൽ അഴിമതി ഇല്ലെന്നായിരുന്നു പിസി ജോർജിന്റെയും  പ്രതികരണം.