Asianet News MalayalamAsianet News Malayalam

രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയം ഓര്‍മിപ്പിച്ച് ഷാനിമോളുടെ അട്ടിമറി

ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചപ്പോള്‍ പരാജയപ്പെട്ടത് ഷാനിമോള്‍ മാത്രമായിരുന്നു, അതിനുള്ള മധുരപ്രതികാരം കൂടിയായി അരൂരിലെ വിജയം

shani usmman creates history with shining win
Author
Aroor, First Published Oct 24, 2019, 6:42 PM IST

അരൂര്‍: ഷാനിമോള്‍ ഉസ്മാനിത് കാത്തിരുന്ന് ലഭിച്ച വിജയം. അതുകൊണ്ടുതന്നെ വിജയത്തിന് മധുരമേറും. ഇടത് കോട്ടയില്‍ ചരിത്രത്തിലാധ്യമായി കൈപ്പത്തി ചിഹ്നത്തില്‍ ഒരു സ്ഥാനാര്‍ത്ഥി ജയിച്ചുവെന്നതും ഷാനിമോളുടെ അഭിമാനത്തിന് തിളക്കമേകും. ഇക്കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് ജയിച്ചപ്പോള്‍ പരാജയപ്പെട്ടത് ഷാനിമോള്‍ മാത്രമായിരുന്നു. അഡ്വ. എ എം ആരിഫിനോട് ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തിലാണ് ഷാനിമോള്‍ പരാജയപ്പെട്ടത്.

ആലപ്പുഴയില്‍ നേരിയ വ്യത്യാസത്തിന് പരാജയപ്പെട്ടെങ്കിലും അന്ന് അരൂരില്‍ നേരിയ ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നു. ഇതുതന്നെയാണ് ആരിഫ് കൈവിട്ട മണ്ഡലത്തില്‍ ഉപതെരഞ്ഞടുപ്പില്‍ വീണ്ടും ഷാനിമോളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ യുഡിഎഫിന് ധൈര്യം നല്‍കിയതും. ആ പ്രതീക്ഷ വെറുതെയായില്ല. കാത്തിരുന്ന കാത്തിരുന്ന് ഒരു ജയം ഷാനിമോളെ തേടിയെത്തി.

യു ഡി എഫിന് വേണ്ടി ഷാനിമോള്‍ മണ്ഡലം തിരിച്ച് പിടിച്ചിരിക്കുന്നു. എല്‍ഡിഎഫിന്റെ ശക്തികേന്ദ്രങ്ങളില്‍ കടന്നു കയറിയാണ് ഈ വിജയം ഷാനിമോള്‍ നേടിയിരിക്കുന്നത്. 1992 വോട്ടുകള്‍ക്കാണ് ഇടത് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലിനെ ഷാനിമോള്‍ പിന്തള്ളിയത്.

90 കളില്‍ കെഎസ്‌യുവിലൂടെവിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലെത്തിയ ഷാനിമോള്‍ ഉസ്മാന് 2006 ലാണ് പാര്‍ട്ടി ഒരു സീറ്റ് നല്‍കിയത്.സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായ പെരുമ്പാവൂരിലാണ് നിയമസഭാ പോരാട്ടത്തില്‍ ഷാനി കന്നിയങ്കം കുറിച്ചത്. അന്ന് സാജു പോളിനോട് ഷാനിമോള്‍ തോറ്റെങ്കിലും 42 ശതമാനത്തോളം വോട്ട് പിടിച്ചു. അതായിരുന്നു ഷാനിമോളുടെ ആദ്യത്തെ തെരഞ്ഞെടുപ്പ് നേട്ടം.

അതിന് ശേഷം വീണ്ടുമൊരു നിയമസഭാ പോരാട്ടത്തിനിറങ്ങാന്‍ ഷാനിമോള്‍ക്ക് പതിറ്റാണ്ട് കാത്തിരിക്കേണ്ടി വന്നു. 2011-ല്‍ ഷാനിമോള്‍ക്ക് സീറ്റ് കിട്ടിയില്ല. 2016-ല്‍ പക്ഷേ ഒറ്റപ്പാലത്താണ് ഷാനിമോള്‍ മത്സരിക്കാനെത്തിയത്. അവിടെയും എല്‍ഡിഎഫിന്റെ പി ഉണ്ണിയോട് ഷാനിമോള്‍ തോറ്റു. പക്ഷേ, മികച്ച പ്രതിച്ഛായയുള്ള ഷാനിമോളെ പിന്നീട് അങ്ങനെ കൈയൊഴിയാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.

അഴിമതി രഹിതയെന്ന മേല്‍വിലാസം, മികച്ച പ്രാസംഗിക - അങ്ങനെ നല്ല ഇമേജുള്ള ഷാനിമോളെ ഇത്തിരി കനപ്പെട്ട ജോലി തന്നെ 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഏല്‍പിച്ചു. 53 വര്‍ഷത്തെ ഇടത് കോട്ടയെന്ന ഖ്യാതിയുള്ള അരൂരില്‍ നിന്ന് ആലപ്പുഴയുടെ എംപിയാകാനെത്തിയ എ എം ആരിഫിനെ തോല്‍പിക്കുക.ഇഞ്ചോടിഞ്ച്  പോരാട്ടത്തില്‍ അവിടെയും പരാജയപ്പെട്ടു. എന്നാല്‍ ഈ വിജയം ചില്ലറ സന്തോഷവുമൊന്നുമല്ല ഷാനിമോള്‍ക്ക് നല്‍കുന്നത്. 

ഷാനിമോളുടെ വിജയം ഓര്‍മിപ്പിക്കുന്നത് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നേടിയ വിജയമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ഉണ്ണിത്താന്‍ 35 വര്‍ഷത്തെ സിപിഎമ്മിന്റെ കുത്തക അവസാനിപ്പിച്ചു. അതിന് മുമ്പ് രണ്ട് തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും ഉണ്ണിത്താന് പരാജയമായിരുന്നു ഫലം.

Follow Us:
Download App:
  • android
  • ios