തിരുവനന്തപുരം: വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർത്ഥി മോഹൻകുമാറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് ശശി തരൂർ എംപി. നേരത്തെ നിശ്ചയിച്ച പരിപാടികൾ കാരണമാണ് തിരുവനന്തപുരത്ത് ഇല്ലാത്തതെന്നും നാളെ മുതൽ പ്രചാരണത്തിൽ സജീവമാകുമെന്നും ശശി തരൂർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിന് നേതാക്കള്‍ സജീവമാകുന്നില്ലെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണവുമായി ശശി തരൂര്‍ രം​ഗത്തെത്തിത്.

ദില്ലിയില്‍ പാര്‍ലമെന്‍ററി കമ്മിറ്റി യോഗത്തിലും ഇന്‍ഡോറില്‍ മുന്‍ പ്രസിഡന്‍റ് പ്രതിഭാ പാട്ടീല്‍ പങ്കെടുക്കുന്ന പരിപാടിയിലും പങ്കെടുക്കേണ്ടിയിരുന്നു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തീരുമാനിച്ച പരിപാടികളായിരുന്നു രണ്ടും. നാളെ ദില്ലയില്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറത്തിലും പ്രസംഗിക്കേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ സെപ്തംബർ അഞ്ചിന് തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ താന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. മോഹന്‍ കുമാറിന്‍റെ വിജയത്തിനായി സജീവമായി പ്രവര്‍ത്തിക്കും. അദ്ദേഹത്തെ ബന്ധപ്പെട്ടിരുന്നുവെന്നും ശശി തരൂർ ഫേസ്ബുക്കില്‍ കുറിച്ചു.

വട്ടിയൂര്‍ക്കാവില്‍ നേതാക്കള്‍ പ്രചാരണ രംഗത്ത് സജീവമാകുന്നില്ലെന്ന പരാതി ഏറെ ചര്‍ച്ചയായിരുന്നു. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് യുഡിഎഫ് സ്ഥാനാര്‍ഥി കെ.മോഹന്‍കുമാർ തന്നെ രം​ഗത്തെത്തിയിരുന്നു. നിലവിലെ പ്രചാരണത്തില്‍ വേഗം പോരായെന്നും കൂടുതല്‍ നേതാക്കള്‍ സജീവമായി പ്രചാരണത്തില്‍ പങ്കെടുക്കണമെന്നും മോഹന്‍കുമാർ കോൺ​ഗ്രസ്റെ നേതൃത്വത്തിനോട് ആവശ്യപ്പെട്ടു. സ്ഥലം എംപിയായ ശശി തരൂരും വട്ടിയൂര്‍ക്കാവ് എംഎല്‍എ മുരളീധരനും പ്രചാരണത്തില്‍ സജീവമായില്ലെന്നും താഴെ തട്ടില്‍ പ്രചാരണം വേണ്ടത്ര ശക്തമല്ലെന്നും മോഹന്‍കുമാർ പരാതിപ്പെട്ടിരുന്നു.

Read More: വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിന് വേഗം പോരെന്ന് സ്ഥാനാര്‍ഥിക്ക് പരാതി

ഏറെ തര്‍ക്കങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവിലാണ് കോണ്‍ഗ്രസില്‍ ഐ ഗ്രൂപ്പിന്റെ സീറ്റായ വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുന്നത്. മുന്‍ എംപി പീതാംബരക്കുറുപ്പിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദ്ദേശമായിരുന്നു കെ മുരളീധരന്‍ എംപി മുന്നോട്ട് വെച്ചത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടക്കം കുറുപ്പിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ കെ മോഹന്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കോൺ​ഗ്രസ് സംസ്ഥാന നേതൃത്വം തീരുമാനിക്കുകയായിരുന്നു. 

Read More: മുരളീധരനും തുണച്ചു: വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍കുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി