മഞ്ചേശ്വരം: ശബരിമല വിഷയത്തിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസും ബിജെപിയും. ആചാര സംരക്ഷണത്തിനായി നിയമനിർമാണം നടത്തുമെന്ന് പറഞ്ഞിട്ടില്ലെന്ന മുൻ നിലപാട് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള തിരുത്തിയപ്പോൾ മഞ്ചേശ്വരത്തിനപ്പുറം ശബരിമല ചർച്ചയാക്കാതിരിക്കുകയാണ് ഇടതുപക്ഷം.

ശബരിമല യുവതീ പ്രവേശന വിവാദത്തിൽ പ്രധാനമായും ഇടത് മുന്നണിയെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ഇതുവരെ യുഡിഎഫ് പ്രചാരണം. ബിജെപിയും ഇതേ വിഷയത്തിൽ കേന്ദ്രീകരിച്ചതോടെയാണ് പുതിയ നീക്കം. അതിനിടെ, ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിർമ്മാണം നടത്തുമെന്ന് ബിജെപി ഒരിടത്തും പറഞ്ഞിട്ടില്ലെന്ന വാദം ശ്രീധരൻ പിള്ള തിരുത്തി. പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെയാണ് നിലപാട് മാറ്റം.

ശബരിമല കേസ് ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. വേണ്ടിവന്നാൽ ശബരിമലയില്‍ നിയമനിർമ്മാണം നടത്തുമെന്നും വിശ്വാസികൾക്കുവേണ്ടി അവസാന ശ്വാസം വരെ പ്രവർത്തിക്കുമെന്നും പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. എൻഎസ്എസോ എസ്എൻഡിപിയോ ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ശ്രീധരൻപിള്ള പറഞ്ഞു. വട്ടിയൂർക്കാവിൽ എൻഎസ്‌എസ്‌ നേതൃത്വം യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങിയതായി അറിയില്ലെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേര്ത്തു

അതേസമയം, മഞ്ചേശ്വരത്തിനപ്പുറം ശബരിമല വിഷയത്തിൽ മൗനം പാലിക്കുകയാണ് ഇടതുപക്ഷം. വിശ്വാസ വിഷയങ്ങൾ മഞ്ചേശ്വരത്ത് ഉന്നയിച്ച മുഖ്യമന്ത്രി മറ്റിടങ്ങളിരലൊന്നും ഇക്കാര്യം പരാമർശിച്ചതെയില്ല.