Asianet News MalayalamAsianet News Malayalam

മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണയുമായി സുന്നി എ പി വിഭാഗം; ധാരണ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയിൽ

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സുന്നി എപി വിഭാഗം നേതക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്തുണ ഉറപ്പാക്കാനായില്ലെന്നാണ് വിവരം.

sunni ap group give support for udf in mancheswaram by election
Author
Manjeshwar, First Published Oct 15, 2019, 7:15 PM IST

മഞ്ചേശ്വരം: മഞ്ചേശ്വരത്ത് സുന്നി എ പി വിഭാഗം ഇത്തവണ യുഡിഎഫിന് പിന്തുണ നൽകും. പിന്തുണ അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടൻ നടത്താനാണ് സാധ്യത. പി കെ കുഞ്ഞാലിക്കുട്ടി എ പി വിഭാഗം നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണയായത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ പി വിഭാഗവുമായി നടത്തിയ ചർച്ചയിൽ വോട്ട് ഉറപ്പാക്കാനായിരുന്നില്ല.

മഞ്ചേശ്വരം മണ്ഡലത്തിൽ മാത്രം പതിനായിരം വോട്ടുകളുണ്ടെന്നാണ് എ പി വിഭാഗത്തിന്റെ അവകാശവാദം. മഞ്ചേശ്വരത്തടക്കം നേരത്തെ പലതവണ ഇടതുപക്ഷത്തിനൊപ്പം നിന്നെങ്കിലും ഇത്തവണ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന അഭിപ്രായത്തിനാണ് ജില്ലാ നേതാക്കളിൽ മുൻതൂക്കം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി വിജയത്തോട് അടുത്തതും യുഡിഎഫിന്റെ ഭൂരിപക്ഷം 89 ൽ ഒതുങ്ങിയതുമാണ് എ പി വിഭാഗത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകം. 

നിർണായകമായ തെരഞ്ഞെടുപ്പിൽ എൽ‍ഡിഎഫിന് പിന്തുണ നൽകുകയും ബിജെപി ജയിക്കുകയും ചെയ്താൽ സമുദായത്തിനകത്ത് നിന്ന് തന്നെ വൻവിമർശനം ഉയരുമെന്നതാണ് പ്രധാന ആശങ്ക. കൂടെ ചില വിഷയങ്ങളിൽ സർക്കാരുമായുണ്ടായ അഭിപ്രായ വിത്യാസവും നിലപാട് മാറ്റത്തിന് കാരണമാണ്. കുമ്പോൽ തങ്ങളടക്കം എ പി വിഭാഗം നേതാക്കളെ നേരിട്ട് കണ്ടും സ്ഥാപനങ്ങളിൽ എത്തിയുമാണ് ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പിന്തുണ തേടിയത്.

നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സുന്നി എപി വിഭാഗം നേതക്കളുമായി ചർച്ച നടത്തിയിരുന്നെങ്കിലും പിന്തുണ ഉറപ്പാക്കാനായില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ പാണക്കാട് മുനവ്വറലി തങ്ങളും എപി അബൂബക്കർ മുസ്ലിയാരും ഒരുമിച്ച് പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പ് പിന്തുണ അടക്കമുള്ള കാര്യങ്ങൾ ഇരുവരും ചർച്ച ചെയ്തെന്നാണ് വിവരം.
 

Follow Us:
Download App:
  • android
  • ios