തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ, പാർലമെന്‍റ്  തെരഞ്ഞെടുപ്പുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വച്ച ബിജെപിക്ക് ഉപതെര‍ഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി. അഞ്ച് മണ്ഡലങ്ങളിലും നേരത്തേയുളള വോട്ടു പോലും നേടാൻ ബിജെപിക്ക് കഴിഞ്ഞില്ല.

ശബരിമല മോഹമലയാകുമെന്ന് കരുതിയവർക്ക് ഇനി നഷ്ടമല കയറാം. പിടിച്ചെടുക്കുമെന്ന് പ്രതീക്ഷിച്ച സീറ്റുകളിൽ പിന്നിലായി. ത്രികോണ മത്സരമെന്ന് പ്രതീതിയുണ്ടാക്കിയ ഇടങ്ങളിൽ തകർന്നടിഞ്ഞു. അ‍ഞ്ച് ഉപതെരഞ്ഞെടുപ്പുകളിലെ ഫലം വരുമ്പോൾ ബിജെപിക്ക് നഷ്ടക്കണക്കുകൾ മാത്രം. 

ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപിയല്ല ഇത്!

എന്തായിരിക്കാം ഇതിനുള്ള കാരണം? 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെയുള്ള കണക്കുകൾ ഒന്ന് പരിശോധിച്ച് വരണം അതിനുള്ള മറുപടി കിട്ടാൻ.

 

വെറും ഒന്നേമുക്കാൽ ശതമാനത്തിൽ നിന്ന് പന്ത്രണ്ടേമുക്കാൽ ശതമാനത്തിലേക്ക് വളരാനേ കേരളത്തിൽ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ. മുപ്പത്തഞ്ച് വർഷത്തിൽ വെറും പതിനൊന്ന് ശതമാനത്തിന്‍റെ വർധന. 2014-ലാണ് ബിജെപി കേരളത്തിൽ ആദ്യം രണ്ടക്കം തൊടുന്നത്. അത് രണ്ട് ശതമാനം കൂട്ടാൻ തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് കഴിഞ്ഞു. മുപ്പത്തഞ്ച് വർഷത്തെ വളർച്ചാ നിരക്ക് വച്ചു നോക്കുമ്പോൾ, രണ്ട് ശതമാനത്തിന്‍റെ വ‌ർധന രണ്ട് തെരഞ്ഞെടുപ്പിനിടയിൽ കൂട്ടിയത്, ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ വർധനയാണ്. ശബരിമല പ്രശ്നം രാഷ്ട്രീയമായി നേട്ടമാക്കാൻ ബിജെപിക്കായില്ല എന്നതാണ് വാസ്തവം. അത് വോട്ടാക്കാൻ കഴിവുള്ള നേതാക്കൾ ബിജെപിക്കുണ്ടായില്ല. അതിന് പ്രാപ്തിയുള്ള നേതാക്കൾ കേരളത്തിൽ ബിജെപിക്കുണ്ടായിരുന്നെങ്കിൽ, ചിലപ്പോൾ ചിത്രം മാറിയേനെ എന്ന് വിലയിരുത്തുന്നവരുമുണ്ട്. 

ഇനി ഓരോ മണ്ഡലത്തിലെയും വോട്ട് വിഹിതം പരിശോധിച്ച് വരാം:

 

 

കോന്നിയിൽ കാലിടറി

രണ്ടാം സ്ഥാനത്ത് എത്താനായത് മഞ്ചേശ്വരത്ത് മാത്രം. ജയിച്ചില്ലെങ്കിലും തകർന്നടിയാതെ കെ സുരേന്ദ്രനും മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ശബരിമല തരംഗത്തിൽ കോന്നിയിൽ കഴിഞ്ഞ തവണ നേട്ടമുണ്ടാക്കിയ കെ സുരേന്ദ്രന് ആ തരംഗം തുടരാനായില്ലെന്ന് തന്നെ കരുതണം. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ കോന്നിയിൽ കെ സുരേന്ദ്രനും മറ്റ് മുന്നണികൾക്കും കിട്ടിയ വോട്ടുകളിങ്ങനെ: 

അഞ്ച് മാസം മുമ്പ് എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും 440 ആയിരുന്നുവെന്നോർക്കണം. അതിൽ നിന്നാണ് 14,313‬ വോട്ടുകളുടെ ഭൂരിപക്ഷത്തിലേക്കും വിജയത്തിലേക്കും എൽഡിഎഫ് കെ ഇ ജെനീഷ് കുമാറിലൂടെ നടന്നു കയറുന്നത്. 23 വർഷമായി അടൂർ പ്രകാശ് കൈയടക്കി വച്ച മണ്ഡലത്തിൽ അതിനുള്ളിലെ തമ്മിലടി എൽഡിഎഫിനെയും എൻഡിഎയെയും സഹായിച്ചെന്ന വിലയിരുത്തൽ വന്നാൽ മുതിർന്ന നേതാവ് അതിനുള്ള മറുപടി പറയേണ്ടി വരും. 

പക്ഷേ, ശബരിമലക്കാലത്ത് കിട്ടിയ വോട്ടുകൾ എങ്ങോട്ട് ചോർന്നു പോയെന്ന് ബിജെപി തല പുകച്ചേ തീരൂ. എൻഎസ്എസ്സിന്‍റെ വോട്ടുകളും കയ്യിൽ നിൽക്കുമെന്ന് പ്രതീക്ഷിച്ചു ബിജെപി. ഓർത്തഡോക്സ് വൈദികൻ തന്നെ രംഗത്തിറങ്ങിയപ്പോൾ ആ വോട്ടുകളും ഇങ്ങ് പോരുമെന്ന് കരുതി. എല്ലാം പാഴായി. കെ സുരേന്ദ്രനായതുകൊണ്ട് വലിയ പരിക്കില്ലാതെ ബിജെപി രക്ഷപ്പെട്ടെന്ന് മാത്രം.

കുമ്മനത്തെ വെട്ടി, വോട്ടർമാർ തിരിച്ച് വെട്ടി

വട്ടിയൂർക്കാവിലെ കനത്ത തിരിച്ചടിയിലാണ് പാർട്ടിക്ക് ഏറ്റവും ഞെട്ടൽ. കുമ്മനം രാജശേഖരൻ 2016-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 43,700 വോട്ടും 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ 50,709 വോട്ടും നേടിയ സ്ഥാനത്താണ് ബിജെപി ജില്ലാ പ്രസിഡന്‍റ് കൂടിയായ സുരേഷിന്‍റെ ദയനീയ പരാജയം. ബിജെപി - സിപിഎം വോട്ടുകച്ചവടമെന്ന യുഡിഎഫ് ആരോപണത്തിന് കൂടി മറുപടി  പറയേണ്ട സാഹചര്യത്തിലായി പാർട്ടി. 

മഞ്ചേശ്വരത്തും പ്രതീക്ഷിച്ചത്ര വോട്ടില്ല

ഒരേയൊരു മണ്ഡലത്തിലാണ് ബിജെപിയ്ക്ക് രണ്ടാം സ്ഥാനത്തെത്താനായത്. കുമ്പളയടക്കമുള്ള ജില്ലാ കമ്മിറ്റിയിൽ രവീശ തന്ത്രി കുണ്ഠാറിനെതിരായ വികാരം ആദ്യമേ ഉയർന്നിരുന്നു. അതിനൊപ്പം കൃത്യമായ മതവോട്ട് ധ്രുവീകരണവും ഉണ്ടായി. ബിജെപി മത്സരിച്ച് ജയിച്ചാൽ ശരിയാകില്ലെന്ന വികാരം ശക്തമായി ലീഗിന് മുസ്ലിം വോട്ടർമാർക്കിടയിലുണ്ടാക്കാൻ കഴിഞ്ഞു. അതുതന്നെയാണ് ലീഗിന്‍റെ വലിയ നേട്ടത്തിന് കാരണം. 

വോട്ട് ധ്രുവീകരണം കൃത്യമായി നടന്നിരുന്നെങ്കിൽ ഒരു പക്ഷേ കുണ്ഠാർ ജയിച്ചേനെ. പക്ഷേ, ശങ്കർ റൈയെപ്പോലൊരു സ്ഥാനാർത്ഥിയെ ഇടതുപക്ഷം നിർത്തിയതും കൃത്യമായി വിശ്വാസിയെന്ന രീതിയിൽ ബ്രാൻഡ് ചെയ്തതും, കുണ്ഠാറിന് ഭീഷണിയായെന്ന് തന്നെ കണക്കാക്കാം. 89 വോട്ടെന്ന ഫോട്ടോ ഫിനിഷിൽ കെ സുരേന്ദ്രൻ കൊണ്ട് നിർത്തിയ ഇടത്ത് നിന്ന്, മഞ്ചേശ്വരത്ത്, ബിജെപി കുത്തനെ താഴോട്ട് വീഴുന്നു. 

സംസ്ഥാന നേതൃത്വം ഉലയുമോ?

ഇത് ബിജെപിയുടെ സംസ്ഥാനനേതൃത്വത്തിന്‍റെ നിലനിൽപിനെത്തന്നെ ബാധിക്കാൻ സാധ്യതയുണ്ട്. ബിഡിജെഎസ്സിനെ കൃത്യമായി ഒരു ഘടകകക്ഷിയായി കൂട്ടാൻ പോലും ഇതുവരെ ബിജെപിക്കായിട്ടില്ല. അരൂരിൽ മത്സരിക്കേണ്ടിയിരുന്ന ബിഡിജെഎസ് തമ്മിലടിച്ച് മാറി നിന്നു. ആ വോട്ടുകൾ കൃത്യമായി വീണില്ലെന്ന് തന്നെ വേണം കണക്കാക്കാൻ. സംഘടനാ സംവിധാനത്തിൽ അവരെ കൃത്യമായി പങ്കെടുപ്പിക്കാനും ബിജെപി സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിനിടയിലാണ് പാർട്ടിക്കുള്ളിൽത്തന്നെയുള്ള തമ്മിൽത്തല്ല്. 

പാർട്ടിയിൽ ഇപ്പോഴും ഇരുപക്ഷമായി തിരിഞ്ഞ് അടിയാണ്. ആർക്കാണ് കൂടുതൽ ശക്തിയെന്ന ബലാബലം നോക്കലാണ്. അമിത് ഷായ്ക്കടക്കം ബിഡിജെഎസ് പരാതി നൽകിയ സാഹചര്യത്തിൽ ഇനി സംസ്ഥാനനേതൃത്വത്തിലൊരു അഴിച്ചുപണി വരുമോ? അങ്ങനെ പൊളിച്ചു പണിഞ്ഞാൽ പാർട്ടിയ്ക്ക് അകത്തു തന്നെയുള്ള ഏത് വിഭാഗത്തിനാകും അതിന്‍റെ നേട്ടം? കണ്ടറിയേണ്ടി വരും.