കോന്നിയിലെ വോട്ടര്‍ പട്ടികയിലും വ്യാപക ക്രമക്കേടുകളുണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. 10238 വോട്ടര്‍മാരുടെ പേരുകള്‍ ക്രമവിരുദ്ധമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. 

തിരുവനന്തപുരം/കൊല്ലം: വട്ടിയൂര്‍ക്കാവിലും കോന്നിയിലും വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നെന്ന ആരോപണവുമായി യുഡിഎഫ് രംഗത്ത്. 15,000-ത്തോളം വോട്ടുകള്‍ വട്ടിയൂര്‍ക്കാവിലെ വോട്ടര്‍പട്ടികയില്‍ നിയമവിരുദ്ധമായി കുത്തിക്കയറ്റിയിട്ടുണ്ടെന്ന് കെ.മുരളീധരന്‍ എംപി ആരോപിച്ചു. 10238 വോട്ടുകള്‍ കോന്നിയില്‍ അനധികൃതമായി ചേര്‍ത്തതായി കണ്ടെത്തിയതെന്ന് അടൂര്‍ പ്രകാശ് എംപിയും പരാതിപ്പെട്ടു. 

ഒരേ വോട്ടര്‍ക്ക് തന്നെ വോട്ടുകള്‍ ഉള്ളത് കൂടാതെ അനധികൃതമായി ചേര്‍ത്ത വോട്ടുകളും വട്ടിയൂര്‍ക്കാവിലുണ്ടെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. ഒരേ വിലാസത്തിൽ ഒന്നിലധികം വോട്ടർ ഐഡി കാർഡുകൾ ഉണ്ടാക്കി മറ്റു ബൂത്തുകളിൽ വ്യത്യസ്ത കാർഡുകൾ ഉപയോഗിച്ച് ലിസ്റ്റിൽ പേര് ചേർക്കുകയാണ് ചെയ്യുന്നതെന്നും ഇതു സംബന്ധിച്ച് ഇന്ന് തെരഞ്ഞെടുപ്പ്കമ്മീഷന് പരാതി നൽകുമെന്നും മുരളി വ്യക്തമാക്കി. 

കോന്നിയിലെ വോട്ടര്‍ പട്ടികയിലും വ്യാപക ക്രമക്കേടുകളുണ്ടെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. 10238 വോട്ടര്‍മാരുടെ പേരുകള്‍ ക്രമവിരുദ്ധമായി പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനു കൃത്യമായ തെളിവുകളുണ്ടെന്നും ഒന്നിലധികം ഇലക്ഷന്‍ ഐഡി കാര്‍ഡുകളുള്ള നിരവധി പേരെ കണ്ടെത്തിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയ ഈ വിവരങ്ങളില്‍ നിന്നും മനസിലാവുന്നത് വോട്ടര്‍ പട്ടികയിലെ ക്രമക്കേടിന് സിപിഎം അനുകൂല സംഘടനയുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ്. ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് തങ്ങള്‍ കോടതിയെ സമീപിക്കും. ക്രമക്കേടിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കും. 

അനധികൃതമായി വോട്ടുകള്‍ ചേര്‍ത്തത് കൂടാതെ 12623 പേരെ വോട്ടര്‍ പട്ടികയില്‍ നിന്നും നിയമവിരുദ്ധമായി നീക്കിയിട്ടുണ്ടെന്നും അടൂര്‍ പ്രകാശ് ആരോപിച്ചു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിന് ശേഷമാണ് ഇതുണ്ടായത്. ഇതെല്ലാം സിപിഎം ബോധപൂര്‍വ്വം നടത്തുന്ന ഇടപെടലാണ്. കോന്നിയില്‍ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും ഇതു നടന്നിരിക്കാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.