തിരുവനന്തപുരം: വട്ടിയൂ‍ർക്കാവ് ഉപതെരഞ്ഞെടുപ്പിൽ ഉജ്വല വിജയം സമ്മാനിച്ച ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് സിപിഎം സ്ഥാനാ‍ർത്ഥി വികെ പ്രശാന്ത്. 14465 വോട്ടിനാണ് അദ്ദേഹം ജയിച്ചത്. പാ‍ർട്ടിയും മുന്നണിയും സ്ഥാനാർ‍ത്ഥിയും കണക്കുകൂട്ടിയതിനേക്കാൾ തിളക്കമാര്‍ന്ന ഭൂരിപക്ഷത്തോടെയാണ് വി കെ പ്രശാന്തിന്‍റെ വിജയം. വിജയം വട്ടിയൂര്‍ക്കാവിലെ ഓരോ വ്യക്തികള്‍ക്കും കേരളത്തിനകത്തും പുറത്തും നിന്ന് സോഷ്യല്‍ മീഡിയയിലൂടെയും നേരിട്ടും പ്രചാരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കിയവര്‍ക്ക് സമര്‍പ്പിക്കുന്നെന്ന് വി കെ പ്രശാന്ത് പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. 

ആകെ 169 ബൂത്തുകളിലെ 140 ബൂത്തുകളിൽ നിന്നുള്ള വോട്ടെണ്ണിയപ്പോൾ 46067 വോട്ടാണ് വികെ പ്രശാന്തിന് ലഭിച്ചത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന സിപിഎം ഇക്കുറി പ്രശാന്തിലൂടെ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

വി കെ പ്രശാന്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം...

അഭിമാനാർഹമായ വിജയം സമ്മാനിച്ചതിന് നന്ദി ....

ഈ വിജയം വട്ടിയൂർക്കാവിലെ ഓരോ വ്യക്തികൾക്കും, അതോടൊപ്പം കേരളത്തിനകത്തും രാജ്യത്തിന്റെ പലഭാഗത്ത് നിന്നും, നിരവധി വിദേശരാജ്യങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിലൂടെയും, നേരിട്ടും പ്രചരണത്തിനും, പ്രവർത്തനങ്ങൾക്കും പിന്തുണ നല്കിയ മുഴുവൻ സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു. എടുത്ത് പറയേണ്ടത് എന്‍റെ യുവസുഹൃത്തുക്കളോടാണ്. മതജാതി വിഭാഗീയ ചിന്തകളൊക്കെ മാറ്റിവച്ച് നാടിന്‍റെ മുന്നേറ്റത്തെ സഹായിക്കാനായി വോട്ടുചെയ്തവരും നിരവധിയാണ്. കക്ഷിരാഷ്ട്രീയം മാറ്റിവച്ചും LDFന് വോട്ടുചെയ്യാന്‍ നിരവധി ആളുകള്‍ മുന്നോട്ടുവന്നിട്ടുണ്ട് അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ നന്ദി.

ഏറ്റവും പ്രധാനമായി എണ്ണയിട്ട യന്ത്രം പോലെ, രാത്രിയെ പകലാക്കി കൈമെയ്യ് മറന്ന് പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളെ ഹൃദയത്തോട് ചേർത്ത് അഭിവാദ്യം ചെയ്യുന്നു. സഖാക്കളെ, നമ്മുടെ ഈ വിജയം ജനങ്ങൾ നമുക്ക് തന്ന അംഗീകാരമാണ്, നമ്മുടെ ശരിയായ രാഷ്ട്രീയത്തിനും, വികസന കാഴ്ചപ്പാടിനും, ദിശാബോധമുള്ള പ്രവർത്തനങ്ങൾക്കും നല്കിയ അംഗീകാരം. തുടർന്നും നമുക്കതെല്ലാം കൂടുതൽ ശക്തമായി ഏറ്റെടുത്ത് മുന്നോട്ട് പോകണം. മുഴുവൻ സഖാക്കളും മണ്ഡലത്തിലെ ഓരോ വിഷയങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ച് നമുക്കൊരുമിച്ച് പരിഹാരം കാണാൻ ശ്രമിക്കാം.

പ്രിയമുള്ളവരേ, തുടർന്നും നിങ്ങളുടെ പിന്തുണ അനിവാര്യമാണ്. ഒറ്റയാൾ പ്രകടനങ്ങളല്ല, മനുഷ്യരുടെ കൂട്ടായ പോരാട്ടങ്ങളാണ് ചരിത്രമെഴുതിയിട്ടുള്ളത്. വട്ടിയൂർക്കാവിന്റെ വികസന ചരിത്രം നമുക്കൊരുമിച്ച് എഴുതാം.
അഭിവാദ്യങ്ങള്‍.

#അപ്പോ_നമ്മളൊരുമിച്ച്_അങ്ങിറങ്ങുവല്ലേ