Asianet News MalayalamAsianet News Malayalam

വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം പാളി: ജാതി നോക്കാതെ വോട്ടു കുത്തി അരൂർ

വെള്ളാപ്പള്ളി തെളിച്ച വഴിക്കല്ല അരൂരിലെ ഈഴവ സമുദായം വോട്ടു ചെയ്തത് എന്നാണ് അന്തിമഫലത്തിൽ നിന്നും വ്യക്തമാകുന്നത്. 

voters in aroor oppose the idea of vellapally on cast vote
Author
Aroor, First Published Oct 24, 2019, 4:59 PM IST

ആലപ്പുഴ: അത്യന്തം ഉദ്വേഗജനകമായ നിമിഷങ്ങൾക്കൊടുവിലായിരുന്നു അരൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാന്റെ വിജയം. ഇടത് കോട്ടകളിലെ വോട്ടുകൾ ചോർന്നതിനൊപ്പം സാമുദായിക ധ്രുവീകരണവും ഷാനിമോൾക്ക് അനുകൂലമായി. എൻഡിഎ വോട്ടുകൾ വ്യാപാകമായി ചോർന്നതും യുഡിഎഫിനെ തുണച്ചെന്നാണ് കരുതുന്നത്.

ഒരു ക്രിക്കറ്റ് മത്സരത്തിന്റെ അവസാന ഓവർ പോലെ വിജയം എങ്ങോട്ടുവേണമെങ്കിലും വഴുതി വീഴാവുന്ന അത്യന്തം നാടകീയമായ നിലയിലായിരുന്നു അരൂരിലെ വോട്ടെണ്ണൽ അവസാനിച്ചത്. ആകെയുള്ള 183 ബൂത്തുകളുടെ ഫലം വന്നപ്പോഴാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാൻ 2137 വോട്ടുകൾക്ക് വിജയിച്ചത്. തുടക്കം മുതൽ തന്നെ ഷാനിമോൾക്കായിരുന്നു ലീഡെങ്കിലും വിജയം ഉറപ്പിക്കുന്ന വോട്ടുനില ഒരു ഘട്ടത്തിലും കിട്ടിയില്ല. എൽഡിഎഫ് സ്ഥാനാർത്ഥി മനു സി പുളിക്കന് ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താനായില്ലെങ്കിലും ഏത് നിമിഷവും കുതിച്ചുകയറുമെന്ന പ്രതീതിയുണ്ടാക്കി. 

എൽഡിഎഫിന് ഒപ്പമെന്നുറപ്പിച്ച ഈഴവ സമുദായം കൈവിട്ടതാണ് ചെങ്കോട്ടയിൽ യുഡിഎഫിന് തേര് തെളിക്കാൻ വഴിയൊരുക്കിയത്. ഇടതുപക്ഷത്തിന് ഒപ്പമെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവർത്തിച്ചു പറയുകയും ഈഴവർ കൂടുതലുള്ള അരൂരിൽ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതിനെ പച്ചയ്ക്ക് എതിർക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളാപ്പള്ളിയുടെ നിലപാടിനെ അരൂരിനെ ഈഴവ സമുദായം തള്ളിക്കളഞ്ഞെന്നാണ് ഫലം തെളിയിക്കുന്നത്. 

അരൂരിൽ ഇടതിന് പിഴച്ചതെവിടെ?

അതേസമയം ഇടത് കോട്ടകളിലെ വോട്ടുകൾ കാര്യമായി ചോർന്നതാണ് അരൂരിൽ ഇത്തവണ എൽഡിഎഫിന് തിരിച്ചടിയായത്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 38,000-ത്തോളം വോട്ടുകളുടെ ലീഡോടെ ഇടതിനെ പിന്തുണച്ച മണ്ഡലം ഇത്തവണ അവരെ കൈവിട്ടു. സിപിഎം കോട്ടകളായ പാണാവള്ളിയിലും തുറവൂരിലുമടക്കം അവർ തിരിച്ചടി നേരിട്ടു. അരൂർ, അരൂക്കുറ്റി പഞ്ചായത്തുകളിലെ മുസ്ലീം ഭൂരിപക്ഷ മേഖലകൾ ഷാനിമോൾ ഉസ്മാന് ഒപ്പം നിന്നതും എൽഡിഎഫിന് തിരിച്ചടിയായി.

എൻഡിഎ വോട്ടുകളിലുണ്ടായ ചോർച്ചയും യുഡിഎഫിന് അനുകൂലമായാതായി പറയപ്പെടുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ശരാശരി 26000 വോട്ടുകൾ നേടിയ എൻഡിഎ ഇത്തവണ അരൂരിൽ 16000ൽ ഒതുങ്ങി. എൻഡിഎയുമായി അസ്വാരസ്യങ്ങളുള്ള ബിഡിജെഎസിന്റെ വോട്ടുകളാണ് ചോർന്നതെന്നാണ് കണക്കാക്കുന്നത്. ഇങ്ങനെ പലതരം ഘടകങ്ങൾ ചേർന്നതോടെ 53 വർഷമായി ഇടതുപക്ഷത്തെ പിന്തുണച്ച മണ്ഡലം ഷാനി മോൾ പിടിച്ചെടുത്തുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. 

Follow Us:
Download App:
  • android
  • ios