തിരുവനന്തപുരം: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും വോട്ടിംഗ് സമയം നീട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ അറിയിച്ചു. അതേ സമയം വൈകിട്ട് ആറുമണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് എത്ര വൈകിയാലും വോട്ടു ചെയ്യാൻ അവസരം നൽകുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച നിർദ്ദേശം ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു. 
 
വോട്ടിംഗ് സമയം അവസാനിക്കുന്ന ആറു മണിക്ക് ക്യൂവിലുള്ള വോട്ടർമാർക്ക് ക്രമമനുസരിച്ച് സ്ലിപ്പ് നൽകി വോട്ട് ചെയ്യാൻ അവസരം ഒരുക്കുമെന്നും പ്രിസൈഡിംഗ് ഓഫീസർമാർക്കുള്ള മാന്വലിൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ടെന്ന് ടിക്കാറാം മീണ ചൂണ്ടിക്കാട്ടി. രാവിലത്തെ മഴ മൂലം പോളിംഗ് മന്ദഗതിയിലായ ബൂത്തുകളിൽ ഇപ്പോൾ പോളിംഗ് സാധാരണഗതിയിലേക്കെത്തിയിട്ടുണ്ട്. പലയിടങ്ങളിലും നീണ്ട ക്യൂവും ദൃശ്യമാണ്.