എറണാകുളം: തോരാമഴയിൽ മുങ്ങി എറണാകുളത്തെ തെരഞ്ഞെടുപ്പ്. ഇന്നലെ രാത്രി മുതൽ നിർത്താതെ പെയ്ത മഴയിൽ മണ്ഡലത്തിലെ ബൂത്തുകൾ ഉൾപ്പെടെ വെള്ളത്തിലായി. ഇതോടെ ബൂത്തുകളിലേക്ക് വോട്ടർമാർക്ക്  നടന്നെത്താൻ പോലും ആകാത്ത സ്ഥിതിയായി. കോരിച്ചൊരിയുന്ന മഴയിൽ നഗരത്തിലെ പ്രധാന പ്രദേശങ്ങളും റോഡുകളും വെള്ളക്കെട്ടിലാണ്. പല ഇടത്തും ജനങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സ്ഥിതിയും ഉണ്ടായി. 

വെള്ളക്കെട്ടിന്റെ അപകടാവസ്ഥ അവഗണിച്ച് പോളിംഗ് ബൂത്തിലേക്കെത്താനുള്ള ശ്രമം വോട്ടർമാർ നടത്തുന്നുണ്ടെങ്കിലും മഴ തുടരുന്നത് കനത്ത വെല്ലുവിളിയാണ്. കനത്ത മഴ പോളിംഗ് ശതമാനത്തിൽ വൻ ഇടിവുണ്ടാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ. ബോട്ടുകൾ ഇറക്കി വോട്ടർമാരെ പോളിംഗ് ബൂത്തിലെത്തിക്കാൻ ഉള്ള ആലോചനകളും മുന്നണികൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. അരയോളം വെള്ളത്തിൽ തുഴഞ്ഞ് വോട്ടർമാർ ബൂത്തിലെത്തുന്ന കാഴ്ചയാണ് പല ഇടത്തും ഉള്ളത്.

വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോഴും വെറും 3  ശതമാനം പോളിംഗ് മാത്രമാണ് എറണാകുളത്ത് രേഖപ്പെടുത്തിയത്. സ്ഥിതി ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താൻ സാധ്യമായതെല്ലാം ചെയ്യുമെന്നും എറണാകുളം കളക്ടർ എസ് സുഹാസ് പറഞ്ഞു. പോളിംഗ് ബൂത്തുകളിലടക്കം വെള്ളം കയറിയ സാഹചര്യത്തിൽ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി.

പോളിങ് മാറ്റിവയ്ക്കണമെന്ന് ബിജെപിയും കോൺഗ്രസും ആവശ്യപ്പെട്ടു.  70 ശതമാനം ബൂത്തുകളിലും വെളിച്ചമില്ലെന്ന് കോൺഗ്രസ് നേതാവ് വി ഡി സതീശൻ പറഞ്ഞു. ഈ പശ്ചാത്തലത്തിൽ പോളിംഗ് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് ഓഫീസറെയും ജില്ലാ കളക്ടറെയും അറിയിച്ചുവെന്നും പറവൂർ എംഎൽഎ കൂടിയായ വി ഡി സതീശൻ പ്രതികരിച്ചു. എറണാകുളത്തെ പോളിംഗ് മാറ്റിവയ്ക്കണമെന്ന് ബിജെപി നേതാവ് എം എസ് കുമാറും ആവശ്യപ്പെട്ടു.

നഗരത്തിലെ പ്രധാന ഭാഗങ്ങളായ എംജി റോഡ്, സൗത്ത് , കലൂർ, കടവന്ത്ര ഭാഗങ്ങളെല്ലാം വെള്ളക്കെട്ടിലാണ്. മഴ കനത്തതിനെ തുടർന്ന് ആറ് ബൂത്തുകൾ ഇതിനോടകം മാറ്റി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മഴ വോട്ടിംഗിനെ സാരമായി ബാധിക്കുന്ന കാഴ്ചയാണ് എറണാകുളത്ത് കണ്ടത്. അയ്യപ്പൻ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് മഴ കൂടുതൽ വില്ലനായത്.

ബൂത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ കെട്ടിടങ്ങളുടെ പകുതിയും വെള്ളത്തിൽ മുങ്ങിയതോടെയാണ് ബൂത്തുകൾ മാറ്റി സ്ഥാപിക്കേണ്ടി വന്നത്. കൂടുതൽ ബൂത്തുകൾ മാറ്റി സ്ഥാപിച്ചാൽ മാത്രമേ പല ഇടത്തും വോട്ടിംഗ് തുടരാനാകൂ എന്ന സ്ഥിതിയാണ് നിലവിലുള്ളത്. അയ്യപ്പൻ കാവ് മേഖലയിലെ ബൂത്തുകളിൽ ചിലത് അഗ്നിശമന സേനയുടെ സഹായത്തോടെ സ്കൂൾ കെട്ടിടങ്ങളുടെ മുകളിലേക്ക് മാറ്റി കൊണ്ട് തടസം നീക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. അതിനിടെ വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ചില രാഷ്ട്രീയ പ്രവർത്തകരും വോട്ടർമാരും പ്രതിഷേധിച്ചു.

പല ബൂത്തുകളിലും കറന്റില്ലാത്തതും പ്രതിസന്ധി കൂട്ടുന്നുണ്ട്. വെള്ളം കയറിയതിനെ തുടർന്ന് കലൂർ സബ് സ്റ്റേഷൻ പരിധിയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു.  നഗരകേന്ദ്രീകൃതമായ മണ്ഡലത്തിലെ പോളിംഗ് ബൂത്തുകളിലേക്ക് എത്താൻ ഉള്ള വഴികളിലെല്ലാം വെള്ളം കയറിയതോടെ വാഹനഗതാഗതവും നിലച്ച സ്ഥിതിയാണ് എറണാകുളത്ത്. 

കനത്ത മഴയിൽ ചില ഇടത്ത് മരങ്ങൾ കടപുഴകി വീണതും ഗതാഗത തടസ്സം സൃഷ്ടിച്ചു.

 വടുതലയിൽ മരം റോഡിൽ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടപ്പോൾ

സൗത്ത് റെയിൽവേ സ്റ്റേഷനിൽ വെള്ളം കയറിയതോടെ ഇവിടെ നിന്നുള്ള ട്രെയിൻ ഗതാഗതവും നിർത്തി. സാധാരണ നിലയിൽ തന്നെ 3 മണിക്കൂർ നിർത്താതെ മഴ പെയ്താൽ വെള്ളക്കെട്ടിലാകുന്ന നഗരത്തിൽ ഇന്നലെ രാത്രി മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഉച്ചയോടു കൂടി മഴ മാറുമെന്നാണ് പ്രതീക്ഷ. മഴ മാറുക മാത്രമാണ് മാത്രമേ പോളിംഗ് ശതമാനം കൂടാനുള്ള ഏക വഴി.