Asianet News MalayalamAsianet News Malayalam

വികെ പ്രശാന്തിന് പകരം ആരാകും തിരുവനന്തപുരം മേയര്‍; സാധ്യത ഈ നേതാക്കള്‍ക്ക്

നൂൽപ്പാലത്തിലൂടെ പോകുന്ന നഗരസഭാ ഭരണം അവസാന ഒരു വർഷം മുന്നോട്ട് കൊണ്ട് പോകുക നിർ‍ണ്ണായകമാണ്. തർക്കങ്ങളില്ലാതെ മേയറെ നിശ്ചയിക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു.

who is next thiruvananthapuram corporation mayor instead of vk prasanth
Author
Thiruvananthapuram, First Published Oct 25, 2019, 8:35 AM IST

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വികെ പ്രശാന്ത് വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച് നിയമസഭയിലേക്ക് പോകുന്നതോടെ തിരുവന്തപുരം നഗരസഭയിൽ പുതിയ മേയറിനായുള്ള ചർച്ച തുടങ്ങി. മേയറെ ഉടൻ തീരുമാനിക്കുമെന്ന് സിപിഎം ജില്ലാസെക്രട്ടറി ആനാവൂർ നാഗപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശനിയാഴ്ച ചേരുന്ന കൗൺസിലിന് ശേഷം വികെ പ്രശാന്ത്  മേയർ സ്ഥാനം രാജി വയ്ക്കും.

വട്ടിയൂർക്കാവിൽ മിന്നും വിജയം നേടിയ വി കെ പ്രശാന്തിന് പകരം പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. ഇടത് മുന്നണിക്ക് ഭൂരിപക്ഷമില്ലാത്ത നഗരസഭയുടെ ഭരണം മുന്നോട്ട് കൊണ്ടു പോകുവാൻ മെയ് വഴക്കമുള്ള ആളാകണം മേയർ. 100 അംഗ നഗരസഭയിൽ 44 കൗൺസിലർമാരാണ് ഇടത് മുന്നണിക്കുള്ളത്. ബിജെപിക്ക് 35ഉം കോൺഗ്രസിന് 21 കൗൺസിലർമാരുമുണ്ട്. 

നൂൽപ്പാലത്തിലൂടെ പോകുന്ന നഗരസഭാ ഭരണം അവസാന ഒരു വർഷം മുന്നോട്ട് കൊണ്ട് പോകുക നിർ‍ണ്ണായകമാണ്. തർക്കങ്ങളില്ലാതെ മേയറെ നിശ്ചയിക്കുമെന്ന് സിപിഎം വ്യക്തമാക്കുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ബന്ധുകൂടിയായ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് പാലമെന്‍ററി സെക്രട്ടറി ശ്രീകുമാറിനാണ് സാധ്യത കൂടുതല്‍.

വഞ്ചിയൂർ ബാബു, പുഷ്പലത എന്നിവരുടെ പേരുകളും സജീവമാണ്. കുന്നുകഴി കൗൺസിലർ ഐപി ബിനുവിന് വേണ്ടി ഒരു വിഭാഗം രംഗത്തുണ്ട്. ഇതല്ലാതെ മറ്റൊരു പേരും ഉയർന്ന വന്നേക്കാം. മേയർ എന്ന നിലയിൽ വി കെ പ്രശാന്തിന്റെ അവസാന കൗൺസിൽ 26 നാണ്. അന്ന് വൈകുന്നേരം മേയർ സ്ഥാനം പ്രശാന്ത് രാജി വയ്ക്കും. 28ന് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യും.

Follow Us:
Download App:
  • android
  • ios