അരൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാനലാപ്പിലും വിവാദങ്ങൾ ഒടുങ്ങാതെ അരൂർ. എൽഡിഎഫിന്‍റെ യുവജനറാലിയിൽ അരിവാൾ ചുറ്റിക നക്ഷത്രമുള്ള മഞ്ഞക്കൊടി ഉപയോഗിച്ചതാണ് പുതിയ വിവാദം. ജാതിപ്രീണനത്തിന്‍റെ തെളിവാണ് ഇത്തരം നീക്കങ്ങളെന്ന് യുഡിഎഫ് ആരോപിച്ചു. എന്നാൽ, ഭാവനാപൂർണ്ണമായ പ്രചാരണ തന്ത്രമെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

എൽഡിഎഫിന്‍റെ യുവജനസംഘടനകൾ നടത്തിയ റാലിയിലാണ് അരിവാൾ ചുറ്റിക നക്ഷത്രമുള്ള മഞ്ഞക്കൊടി ഉപയോഗിച്ചത്. വോട്ട് കിട്ടാൻ ഇടതുമുന്നണി വർഗീയ കാ‍ർഡ് ഇറക്കുന്നുവെന്നാണ് കോൺഗ്രസിന്‍റെ ആരോപണം. സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫും ബിജെപിയും, മഞ്ഞക്കൊടിയുടെ പേരിൽ എൽഡിഎഫിനെ പരിഹസിക്കുന്നു. എന്നാൽ, ആരോപണങ്ങളും പരിഹാസങ്ങളും തള്ളുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ഭരണസംവിധാനം ഉപയോഗിച്ച് എൽഡിഎഫ് കുറ്റവാളികളെ ഇറക്കി പ്രകോപനം ഉണ്ടാക്കുന്നെന്ന് കഴിഞ്ഞ ദിവസം യുഡിഎഫ് ആരോപിച്ചിരുന്നു. കണ്ണൂരടക്കമുള്ള സ്ഥലങ്ങളിൽ നിന്നും ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകരെ ഇറക്കിയാണ് ഇടത് പക്ഷം മണ്ഡലത്തിൽ പ്രചരണം നടത്തുന്നതെന്നും വ്യാപകമായി ഇവർ ആക്രമം അഴിച്ചു വിടുകയാണെന്നുമാണ് യുഡിഎഫിന്‍റെ ആരോപണം. എന്നാൽ യുഡിഎഫിന്റേത് തോൽവി മുന്നിൽ കണ്ടുള്ള ആരോപണങ്ങൾ മാത്രമാണെന്നാണ് എൽഡിഎഫിന്റെ മറുവാദം.

Also Read: അരൂരിൽ പുതിയ വിവാദം; എൽഡിഎഫ് കുറ്റവാളികളെ ഇറക്കി പ്രകോപനം ഉണ്ടാക്കുന്നെന്ന് യുഡിഎഫ്