ഏറ്റവും ആവശ്യമായ സമയത്ത് കുടുംബങ്ങളെ സഹായിക്കുമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാഗ്ദാനം എത്രത്തോളം പാലിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സിപിആര്‍

നിശ്ചിതത്വങ്ങള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍, ലൈഫ് ഇന്‍ഷുറന്‍സ് എന്നത് ഒരു സാമ്പത്തിക ഉല്‍പ്പന്നം എന്നതിലുപരി ആത്മവിശ്വാസമേകുന്ന ഒരു ഘടകം കൂടിയാണ്. ഇന്‍ഷുറന്‍സ് മേഖല വളരുന്നതിനനുസരിച്ച്, ഒരു പോളിസി വാങ്ങുന്ന ഏതൊരാളും ക്ലെയിംസ് പെയ്ഡ് അനുപാതം ഒരു പ്രധാന അളവുകോലായി കണക്കാക്കേണ്ടതുണ്ട്. ഏറ്റവും ആവശ്യമായ സമയത്ത് കുടുംബങ്ങളെ സഹായിക്കുമെന്ന ഇന്‍ഷുറന്‍സ് കമ്പനിയുടെ വാഗ്ദാനം എത്രത്തോളം പാലിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സിപിആര്‍ അഥവാ ക്ലെയിംസ് പെയ്ഡ് അനുപാതം

എന്താണ് ക്ലെയിംസ് പെയ്ഡ് അനുപാതം (CPR)? ക്ലെയിംസ് പെയ്ഡ് അനുപാതം എന്നത് ഒരു വെറും സംഖ്യയല്ല; ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ കാര്യക്ഷമത, ധാര്‍മ്മികത, ഉപഭോക്താക്കളിലുള്ള ശ്രദ്ധ എന്നിവ ഇത് വെളിപ്പെടുത്തുന്നു. ഒരു നിശ്ചിത കാലയളവില്‍ ലഭിച്ച മൊത്തം ക്ലെയിമുകളില്‍ എത്ര ശതമാനം ക്ലെയിമുകളാണ് ഇന്‍ഷുറന്‍സ് കമ്പനി വിജയകരമായി തീര്‍പ്പാക്കിയത് എന്നതാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI) പുറത്തിറക്കിയ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളുടെ ശരാശരി സിപിആര്‍ 96.82 ശതമാനമാണ്. ഈ ശതമാനം എത്രത്തോളം കൂടുന്നുവോ, അത്രത്തോളം നിങ്ങളുടെ നോമിനിയുടെ ക്ലെയിം ലഭിക്കാനുള്ള സാധ്യതയും കൂടും.

സിപിആര്‍ മികച്ചതാക്കാന്‍ സഹായിക്കുന്ന ഘടകങ്ങള്‍

വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍: പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികള്‍ സാങ്കേതികവിദ്യയും കാര്യക്ഷമമായ നടപടിക്രമങ്ങളും ഉപയോഗിച്ച് ക്ലെയിമുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നു. ഇത് ഉപഭോക്താവിന് ആവശ്യമുള്ളപ്പോള്‍ പണം ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നു.

ലളിതമായ രേഖകള്‍: സങ്കീര്‍ണ്ണമായ രേഖകള്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. ഉയര്‍ന്ന സിപിആര്‍ ഉള്ള ഇന്‍ഷുറന്‍സ് കമ്പനികള്‍ ഡിജിറ്റല്‍ ടൂളുകള്‍ ഉപയോഗിച്ച് രേഖകള്‍ ലളിതമാക്കുന്നു, ഇത് നടപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പമുള്ളതാക്കുന്നു.

കുറഞ്ഞ ക്ലെയിം നിരസിക്കല്‍ നിരക്ക്: തട്ടിപ്പ് തടയുന്നത് പ്രധാനമാണെങ്കിലും, കുറഞ്ഞ നിരസിക്കല്‍ നിരക്കും, എന്തെങ്കിലും നിരസിക്കുകയാണെങ്കില്‍ അതിന് വ്യക്തമായ കാരണങ്ങളും കാണിക്കുന്നത് ക്ലെയിമുകള്‍ ന്യായമായും ശ്രദ്ധയോടെയും വിലയിരുത്തുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ന്യായമായ ക്ലെയിമുകള്‍ നിരസിക്കാതെ, അവ നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനി പ്രതിജ്ഞാബദ്ധമാണ്.