ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ച് ഈ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുകയാണ് പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ന്ത്യയുടെ പരോക്ഷ നികുതി ഘടനയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങള്‍ക്ക് വഴിതുറന്നിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഉത്സവകാലം തുടങ്ങാനിരിക്കെ, സാധാരണക്കാര്‍ക്കും, കര്‍ഷകര്‍ക്കും, ചെറുകിട വ്യാപാരികള്‍ക്കും വലിയ ആശ്വാസം നല്‍കുന്ന ജിഎസ്ടി പരിഷ്‌കാരങ്ങള്‍ക്ക് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയത് സെപ്റ്റംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും. ലോകവ്യാപാരരംഗം മാന്ദ്യത്തിലായിരിക്കുന്നതും ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് 50% തീരുവ ചുമത്തിയതും സൃഷ്ടിച്ച ആശങ്കകള്‍ക്ക് പിന്നാലെയാണ് ഈ നിര്‍ണായക പ്രഖ്യാപനം. ആഭ്യന്തര ഉപഭോഗം വര്‍ധിപ്പിച്ച് ഈ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കുകയാണ് പരിഷ്‌കാരങ്ങളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

സാധാരണക്കാരന് എങ്ങനെ ഇത് നേട്ടമാകും?

ജിഎസ്ടി പരിഷ്‌കാരങ്ങളിലെ ഏറ്റവും പ്രധാന മാറ്റം നികുതി സ്ലാബുകള്‍ ലളിതമാക്കിയതാണ്. നിലവിലുണ്ടായിരുന്ന 5%, 12%, 18%, 28% എന്നീ നാല് സ്ലാബുകള്‍ക്ക് പകരം ഇനി രണ്ട് പ്രധാന നിരക്കുകള്‍ മാത്രം - 5% ഉം 18% ഉം. കൂടാതെ, ആഡംബര വസ്തുക്കള്‍ക്കും ലഹരി ഉത്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ചുമത്താനായി 40% എന്നൊരു പുതിയ സ്ലാബും രൂപീകരിച്ചു.

കുടുംബ ബജറ്റിന് ആശ്വാസം

സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ നികുതി നിരക്കുകള്‍ സൂക്ഷ്മമായി പരിശോധിച്ച് ഭൂരിഭാഗം ഉല്‍പ്പന്നങ്ങളിലും അത് ഗണ്യമായി കുറച്ചിട്ടുണ്ട്. കൂടാതെ, തൊഴില്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ക്കും, കര്‍ഷകര്‍ക്കും, കാര്‍ഷിക മേഖലയ്ക്കും, ആരോഗ്യമേഖലയ്ക്കും ഇത് വലിയ സഹാകരമായിരിക്കുമെന്നും ധനമന്ത്രി പറയുന്നു.

വാഹനം വാങ്ങുന്നവര്‍ക്ക് ആശ്വാസം

സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനകരമായ മാറ്റങ്ങളിലൊന്ന് കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ലഭിക്കുന്ന ഇളവാണ്. 1200 സിസി വരെ പെട്രോള്‍ എന്‍ജിനുകളുള്ളതും, 1500 സിസി വരെ ഡീസല്‍ എന്‍ജിനുകളുള്ളതും, നാല് മീറ്റര്‍ വരെ നീളമുള്ളതുമായ ചെറിയ കാറുകള്‍ക്ക് നിലവില്‍ 28% ആയിരുന്ന നികുതി ഇനി 18% ആയി കുറയും. മാരുതി സുസുകി ആള്‍ട്ടോ, സ്വിഫ്റ്റ്, ഫ്രോങ്‌സ്, ടാറ്റ പഞ്ച്, ഹ്യുണ്ടായ് ഐ10 തുടങ്ങിയ ജനപ്രിയ മോഡലുകള്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടും. ഇത് ഇടത്തരം കുടുംബങ്ങള്‍ക്ക് കാറുകള്‍ കൂടുതല്‍ താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കും. വലിയ കാറുകള്‍ക്കും ആഡംബര വാഹനങ്ങള്‍ക്കും 40% നികുതി നിലനിര്‍ത്തും.