കാന്‍സര്‍ മരുന്നുകള്‍ക്ക് വില കുറയുമോ? ജീവന്‍രക്ഷാ മരുന്നുകളുടെ ജിഎസ്ടി കുറച്ചു; ഗുരുതര രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവും കുറയും

കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്കുള്ള ചികിത്സാ ചെലവ് കുറയുന്നു. ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ചികിത്സാ ഉപകരണങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന ചരക്ക് സേവന നികുതി വെട്ടിക്കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചതോടെയാണിത്. കാന്‍സര്‍ രോഗികള്‍ക്കും മറ്റ് ഗുരുതരമായ രോഗങ്ങളുള്ളവര്‍ക്കും വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ തീരുമാനം. ചില മരുന്നുകള്‍ക്കുള്ള നികുതി 12% മുതല്‍ 0% വരെയായും, മറ്റ് ചില മരുന്നുകള്‍ക്കുള്ള നികുതി 5% മുതല്‍ 0% വരെയായും കുറച്ചു. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നികുതി നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ധനമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 56-ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം കൈക്കൊണ്ടത്.

33 ജീവന്‍രക്ഷാ മരുന്നുകളുടെ ജിഎസ്ടി 12% നിന്ന് 0% ആക്കി കുറച്ചു.

3 ജീവന്‍രക്ഷാ മരുന്നുകളുടെ ജിഎസ്ടി 5% ത്തില്‍ നിന്ന് 0% ആക്കി കുറച്ചു.

മറ്റ് എല്ലാ മരുന്നുകള്‍ക്കും 12% ല്‍ നിന്ന് 5% ആയി ജിഎസ്ടി കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ട്.

വില കുറഞ്ഞ മരുന്നുകൾ:

അസ്കിമിനിബ് (Asciminib): ക്രോണിക് മൈലോയ്ഡ് ലുക്കീമിയ (Chronic Myeloid Leukemia) എന്ന രക്ത അർബുദത്തിന് ഉപയോഗിക്കുന്ന മരുന്ന്.

പെഗൈലേറ്റഡ് ലിപോസോമൽ ഇറിനോട്ടീക്കാൻ (Pegylated Liposomal Irinotecan): ക്യാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഒരു കീമോതെറാപ്പി മരുന്ന്.

ഡറാറ്റുമുമാബ് (Daratumumab): മൾട്ടിപ്പിൾ മൈലോമ (Multiple Myeloma) എന്ന രക്ത അർബുദത്തിന് ഉപയോഗിക്കുന്ന മരുന്ന്.

ടെക്ലിസ്റ്റമാബ് (Teclistamab): റിലാപ്സ്ഡ് അല്ലെങ്കിൽ റിഫ്രാക്ടറി മൾട്ടിപ്പിൾ മൈലോമ ചികിത്സിക്കാൻ ഉപയോഗിക്കുന്നു.

അമിവന്തമാബ് (Amivantamab): നോൺ-സ്മോൾ സെൽ ലങ് ക്യാൻസർ (Non-Small Cell Lung Cancer) ചികിത്സയ്ക്കുള്ള മരുന്ന്.

അലെക്റ്റിനിബ് (Alectinib): അഡ്വാൻസ്ഡ് നോൺ-സ്മോൾ സെൽ ലങ് ക്യാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന്.

പൊലാറ്റുസുമബ് വെഡോട്ടിൻ (Polatuzumab vedotin): ഡിഫ്യൂസ് ലാർജ് ബി-സെൽ ലിംഫോമ (Diffuse Large B-cell Lymphoma) എന്ന രോഗത്തിന് ഉപയോഗിക്കുന്ന മരുന്ന്.

ഒനാസെംനോജീൻ അബെപാർവോവെക് (Onasemnogene abeparvovec): അപൂർവ ജനിതക രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിക്ക് (Spinal Muscular Atrophy) ഉപയോഗിക്കുന്ന ഈ മരുന്ന് ലോകത്തിലെ ഏറ്റവും വിലയേറിയ ഒന്നാണ്.

മെപോലിസുമബ് (Mepolizumab): ഗുരുതരമായ ആസ്ത്മ, എസിനോഫിലിക് ഗ്രാനുലോമറ്റോസിസ് വിത്ത് പോളിആൻജൈറ്റിസ് (Eosinophilic Granulomatosis with Polyangiitis) പോലുള്ള രോഗങ്ങൾക്കുള്ള മരുന്ന്.

റിസ്ഡിപ്ലാം (Risdiplam): സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സയ്ക്കുള്ള മറ്റൊരു മരുന്ന്.

മരുന്നുകള്‍ക്ക് മാത്രമല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും നികുതി കുറച്ചു. ഗ്ലൂക്കോമീറ്റര്‍, ബാന്‍ഡേജ്, ഡയഗ്‌നോസ്റ്റിക് കിറ്റുകള്‍ തുടങ്ങിയവയുടെ ജിഎസ്ടി 12% ല്‍ നിന്ന് 5% ആയി കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും നികുതി ഇളവ്

സാധാരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന മറ്റൊരു പ്രധാന തീരുമാനം ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികളെ ജിഎസ്ടിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയതാണ്. വ്യക്തിഗത പോളിസികള്‍ക്കും ഫാമിലി ഫ്‌ലോട്ടര്‍ പോളിസികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പോളിസികള്‍ക്കും ഇത് ബാധകമാണ്. ഇതോടെ പ്രീമിയം തുക കുറയും.

https://www.financialexpress.com/life/health/cancer-treatment-to-get-cheaper-gst-cut-on-lifesaving-drugs-to-make-healthcare-affordable/3966334/?ref=hometop_hp