54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് ഇത്തവണ നടന്നത്. ഇത്തവണയും ഏറ്റവും കൂടുതല്‍ വില്‌പന നടന്നത് പാലക്കാട് ജില്ലയിലാണ്, 13,09,300 ടിക്കറ്റുകളാണ് വിറ്റത്.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ ഇത്തവണയും റെക്കോഡ് വിൽപ്പന. ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 54,08,880 ടിക്കറ്റുകളുടെ റെക്കോർഡ് വില്പനയാണ് ഇത്തവണ നടന്നത്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബമ്പർ ടിക്കറ്റുകളുടെ വില്പന 47,65,650 ആയിരുന്നു. ഇത്തവണയും ഏറ്റവും കൂടുതല്‍ വില്‌പന നടന്നത് പാലക്കാട് ജില്ലയിലാണ്, 13,09,300 ടിക്കറ്റുകളാണ് വിറ്റത്. രണ്ടാം സ്ഥാനത്തുള്ള തൃശ്ശൂര്‍ ജില്ലയില്‍ 5,91,100 ടിക്കറ്റുകളാണ് വിറ്റത്. മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 5,55,920 ടിക്കറ്റുകളുടെ വില്‍പന നടന്നു. 400 രൂപയായിരുന്നു ടിക്കറ്റിൻ്റെ വില.
XC 138455 എന്ന നമ്പറിനാണ് ഇത്തവണ ഒന്നാം സമ്മാനം നേടിയത്. 20 കോടി രൂപയാണ് സമ്മാനാർഹന് ലഭിക്കുക. കോട്ടയം കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്റ് അടുത്തുള്ള കടയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റർ എന്ന കടയിൽ ആണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. സുദീപ് എ എന്ന ഏജന്റ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കാഞ്ഞിരപ്പള്ളി സ്വദേശിയാണ് സുദീപ്. രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വിതം 20 പേർക്കും അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കും.
ലോട്ടറി അടിച്ചാൽ ചെയ്യേണ്ടത് എന്ത് ?
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാനാകും. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി (lottery) ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം. ഒരു ലക്ഷം രൂപവരെ ഭാഗ്യശാലിക്ക് ലോട്ടറി ഡയറക്ടറേറ്റിൽ നിന്നും നേരിട്ട് മാറ്റിയെടുക്കാം.



