Asianet News MalayalamAsianet News Malayalam

20 കോടിയോ ഒരു കോടിയോ?,20-20 ഭാഗ്യം തുണയ്ക്കുമോ എന്നറിയാൻ മണിക്കൂറുകൾ മാത്രം; ബമ്പറിന് റെക്കോര്‍ഡ് വിൽപ്പനയും

മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനമായ 20 കോടി ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കും.

Kerala Lottery Christmas-New Year Bumper 2023-2024 BR-95 will be declared tomorrow vkv
Author
First Published Jan 23, 2024, 4:38 PM IST

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്‍റി 2023-24-ലെ  ക്രിസ്തുമസ് -ന്യൂ ഇയര്‍ ബമ്പർ ജേതാവിനെ അറിയാൻ ഇനി ഒരു ദിവസം. ഒന്നാം സമ്മാനം 20 കോടിയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും.    24-01-2024 ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലാണ് ജീവിതത്തിന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറകണിയുന്ന കോടീശ്വരന്മാരെ കണ്ടെത്താൻ നറുക്കെടുപ്പ് നടത്തുന്നത്.  

മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്. രണ്ടാം സമ്മാനമായ 20 കോടി ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതം ലഭ്യമാക്കും. 30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.

മൂന്നു ലക്ഷത്തി എണ്‍പത്തിയെട്ടായിരത്തി എണ്ണൂറ്റി നാല്‍പതു സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ മൂന്ന് ലക്ഷത്തി രണ്ടായിരത്തി നാണൂറ്റി അറുപതു സമ്മാനങ്ങളാണ് ഇക്കുറി ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറില്‍ കൂട്ടിച്ചേര്‍ത്തിരുന്നത്. ഇതോടെ ഇക്കുറിയുള്ളത് ആകെ ആറുലക്ഷത്തി തൊണ്ണൂറ്റൊന്നായിരത്തി മുന്നൂറു സമ്മാനങ്ങള്‍. ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് 9 സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.

ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ഒന്നാം സമ്മാനമായ 20 കോടി രൂപയ്ക്ക് അര്‍ഹമാകുന്ന നമ്പറിനായി നറുക്കെടുക്കും.രണ്ടാം സമ്മാനമായ ഒരു കോടി വീതം 20 പേര്‍ക്കുള്ള ആദ്യ നമ്പര്‍ നറുക്കെടുക്കുന്നത് മുന്‍ ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു എംഎല്‍എയാണ്.  ക്രിസ്തുമസ്-ന്യൂ ഇയര്‍ നറുക്കെടുപ്പിന് മുന്നോടിയായി ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഗോര്‍ഖി ഭവനില്‍ ആന്റണി രാജു എംഎല്‍എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മര്‍ ബമ്പര്‍-2024 (ബിആര്‍ 96)ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങിന്റെ ഉദ്ഘാടനം സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിര്‍വഹിക്കും. 

സമ്മര്‍ ബമ്പറിന്റെ ടിക്കറ്റ് ബ്ലോ അപ്പ്  ചലചിത്ര താരം സോനാ നായര്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങും. തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ മുഖ്യാതിഥിയാകും. നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് വിശിഷ്ട സാന്നിദ്ധ്യമാകും. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടര്‍ എബ്രഹാം റെന്‍ ചടങ്ങിന് സ്വാഗതമാശംസിക്കും. ജോയിന്റ് ഡയറക്ടര്‍മാരായ മായാ എന്‍.പിള്ള, രാജ് കപൂര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

Read More : റോഡിൽ പൊലീസ്, വണ്ടിയിൽ നിന്ന് ഒരു ചാക്കുകെട്ട് പുറത്തേക്ക്, 12 കിലോ കഞ്ചാവ്; യുവാവിനെ ഓടിച്ചിട്ട് പൊക്കി

Latest Videos
Follow Us:
Download App:
  • android
  • ios