പരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം. തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ സുധാകരൻ വിട്ടുനിൽക്കുന്നുവെന്ന വാർത്ത വലിയ ചർച്ചയായതോടെയാണ് ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് ഒടുവിൽ അറിയിച്ചത്.

കൊച്ചി: ശശി തരൂർ ദേശീയ പ്രസിഡണ്ടായ പ്രൊഫഷണൽ കോൺഗ്രസിന്‍റെ നാളത്തെ കോൺക്ലേവിൽ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ഓണ്‍ലൈനായി പങ്കെടുക്കും. ഉദ്ഘാടന പപരിപാടിയിൽ നിന്നും വിട്ടുനിൽക്കാനായിരുന്നു മുൻ തീരുമാനം. എന്നാല്‍, ഓണ്‍ലൈനായി പങ്കെടുക്കുമെന്നും ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് നേരിട്ട് പോകാത്തത് എന്നാണ് സുധാകരന്‍റെ വിശദീകരണം. 

ശശി തരൂരും കെപിസിസി നേതൃത്വവും തമ്മിലെ ഭിന്നതക്കിടെ കെ സുധാകരൻ വിട്ടുനിൽക്കുന്നുവെന്ന വാർത്ത വലിയ ചർച്ചയായതോടെയാണ് ഓൺലൈൻ ആയി പങ്കെടുക്കുമെന്ന് ഒടുവിൽ അറിയിച്ചത്. തരൂരും സുധാകരനും ഒരുമിച്ച് വേദി പങ്കിടുന്ന രീതിയിലായിരുന്നു ഉദ്ഘാടന പരിപാടി. അതേസമയം വിവാദങ്ങളൊന്നുമില്ലെന്നും ആരോഗ്യകാരണങ്ങളാലാണ് ഓൺലൈൻ ആയി പങ്കെടുക്കുന്നതെന്നാണ് സുധാകരനെ അനുകൂലികളുടെ വിശദീകരണം. പരിപാടിയിൽ പ്രതിപക്ഷ നേതാവ് നേരിട്ട് പങ്കെടുക്കും.

സംസ്ഥാന തലത്തിലെ കോണ്‍ഗ്രസ് വേദികളിൽ ശശി തരൂരിന്‍റെ സാന്നിദ്ധ്യം ചർച്ചയാകുമ്പോൾ തരൂരിനെ കൊച്ചിയിൽ ഇറക്കാനുള്ള ഒരുക്കത്തിലാണ് പ്രൊഫഷണൽ കോണ്‍ഗ്രസ്. ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലാണ് പരിപാടി. രാവിലെ ഒൻപത് മുതൽ ആറ് മണി വരെ വിവിധ സെഷനുകളിലായിട്ടാണ് പരിപാടി നടക്കുക. പരിപാടിയില്‍ ശശി തരൂരും വി ഡി സതീശനും പങ്കെടുക്കുമെങ്കിലും ഇരുവരും ഒരേ വേദിയിൽ എത്തില്ല. രാവിലെ 9.30 ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിലാണ് ശശി തരൂര്‍ പങ്കെടുക്കുക. വൈകീട്ട് 5 ന് നടക്കുന്ന ലീഡേഴ്‌സ് ഫോറത്തിലാകും വി ഡി സതീശൻ പങ്കെടുക്കുക. 

Also Read: 'സമാന്തര പരിപാടികൾ പാടില്ല, പരിപാടികൾക്ക് പാർട്ടി ഘടകത്തിന്റെ അനുമതി വേണം': തരൂരിനോട് കെപിസിസി അച്ചടക്ക സമിതി

ഡോ. എസ്‍ എസ് ലാലും മാത്യുകുഴൽനാടൻ എംഎൽഎയുമാണ് പ്രധാന സംഘാടകർ. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഒപ്പമായിരുന്നു ശശി തരൂരിനെയും പരിപാടിയില്‍ ക്ഷണിച്ചത്. ഡിക്കോഡ് എന്ന പേരിട്ട സംസ്ഥാന തല കോണ്‍ക്ലേവിൽ മുഖ്യപ്രഭാഷകൻ ആയിട്ടായിരുന്നു തരൂരിന് ക്ഷണം. മൂന്ന് പേർക്കും തുല്യ പ്രാധാന്യം നൽകിയായിരുന്നു പ്രചാരണവും.