രാജേന്ദ്രന്‍ ഉന്നയിച്ച റിസോര്‍ട്ട് അഴിമതി ആരോപണത്തോട് പ്രതികരിക്കാനില്ല,രാജേന്ദ്രന്‍ പാര്‍ട്ടിക്ക് പുറത്തെന്നും എം എം മണി

ഇടുക്കി: ദേവികുളം മുന്‍ എം എല്‍ എ എസ് രാജേന്ദ്രനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി എം എം മണി രംഗത്ത്. തനിക്കെതിരെ ഉന്നയിച്ച റിസോര്‍ട്ട് ആരോപണത്തെക്കുറിച്ച് കൂടുതല്‍ പറയാനില്ല. പറഞ്ഞാല്‍ രാജേന്ദ്രന്‍ പ്രതിയാകും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത് ക്രെഡിറ്റായി കാണുന്നു. രാജേന്ദ്രന് ഈ പാര്‍ട്ടിയക്കുറിച്ച് വലിയ അറിവില്ല. അയാള്‍ പാര്‍ട്ടിക്ക് പുറത്താണ്. അയാളെ രക്ഷിക്കാന്‍ ദൈവത്തിനു പോലും കഴിയില്ലെന്നും എം എം മണി പറഞ്ഞു.

മൂന്നാറിൽ ടി എൻ യു റിസോർട്ട് സിപിഎം ഭരിക്കുന്ന സഹകരണബാങ്ക് വാങ്ങിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു രാജേന്ദ്രന്‍റെ ആരോപണം. സഹകരണ വകുപ്പിന്‍റെ അനുമതിയോടെയാണോ റിസോർട്ട് വാങ്ങാൻ ബാങ്കിൽ നിന്നും പണം പിൻവലിച്ചത് എന്ന് അന്വേഷിക്കണം. നേരത്തെ സിവിൽ കേസ് നിലനിൽക്കുന്നതിനാൽ അത്തരത്തിൽ പണം പിൻവലിക്കാൻ ആവില്ല. എംഎം മണിയും കെ വി ശശിയും ചേർന്നാണ് റിസോർട്ട് വാങ്ങിയത്. ജില്ലാ കമ്മിറ്റി ഇതിന് പൂർണ്ണ പിന്തുണ നൽകിയിരുന്നു. ഹരിത ട്രിബ്യൂണലിൽ ഈ റിസോർട്ടിനെതിരെ കേസ് ഉണ്ട്. ഇക്കാര്യം അറിഞ്ഞുകൊണ്ട് തന്നെയാണ് റിസോർട്ട് വാങ്ങിയത്.പാർട്ടിയുടെ നേതാക്കളുടെ സ്വത്ത് വിവരത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും രാജേന്ദ്രന്‍ ആവസ്യപ്പെട്ടിരുന്നു. ഇതാണ് എം എം മണി തള്ളിയത്.

'സിപിഎം വിടുന്നുവെന്ന പ്രചരണം തെറ്റ്, പല പാർട്ടികളിൽ നിന്നും ക്ഷണം ഉണ്ടായി, അതൊന്നും സ്വീകരിക്കുന്നില്ല'