തിരുവനന്തപുരം: കപ്പൽ ജോലിക്കിടെ ദക്ഷിണാഫ്രിക്കയിലെ കടലിൽ വീണ് കാണാതായ തിരുവനന്തപുരം പാപ്പനംകോട് സ്വദേശി എബി ചന്ദ്രനെ കാത്തിരിക്കുകയാണ് കുടുംബം. കാണാതായി 10 ദിവസം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതെയായതോടെ മുഖ്യമന്ത്രിക്കും വിദേശ കാര്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം.

എബി കടലിൽ വീണെന്ന്  അമ്മയറിയുന്നത് ഈ മാസം 22 നാണ്. അന്ന് മുതൽ അമ്മ പ്രസന്ന ഭക്ഷണം കഴിക്കാൻ പോലും കൂട്ടാക്കുന്നില്ല. അച്ഛനും അനിയനും ജോലിക്കു പോവാറില്ല. എബിയെ കുറിച്ചൊരു വിവരമറിയാൻ ഈ അച്ഛൻ മുട്ടാത്ത വാതിലുകളില്ല.

കഴിഞ്ഞ മാർച്ചിലാണ് മുംബൈയിലെ സാൽസ് ഷിപ്പിങ്ങ് കമ്പനിയുടെ ഗ്ലോസം എന്ന കപ്പലിൽ എബി ദക്ഷിണാഫ്രിക്കയിലേക്ക് പോവുന്നത്. കൊവിഡ് വ്യാപിച്ചതോടെ കരക്കടുപ്പിക്കാനാവാതെ കപ്പൽ പുറം കടലിൽ നങ്കൂരമിട്ടു. പ്രതികൂല കാലവസ്ഥയിൽ കപ്പലിന്‍റ തകരാർ പരിഹരിക്കുന്നതിനിടെയാണ് എബി കടലിൽ വീഴുന്നത്. എന്നാൽ പിന്നീട് എബിയെ കുറിച്ച് കൃത്യമായ വിവരങ്ങളൊന്നുമില്ല.  മുട്ടിയ വാതിലുകളിൽ ഏതെങ്കിലുമൊന്ന് തുറക്കുമെന്നും എബി തിരുച്ചുവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.