ഇരയായ പെൺകുട്ടിയുടെ അമ്മ മാനസിക രോഗിയും വികലാംഗയുമാണ്. ആറാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നു. 

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത മകളെ നിരവധി തവണ ബലാത്സംഗത്തിനിരയാക്കിയ കേസിൽ അച്ഛന് പത്തുവർഷം കഠിന തടവും പിഴയും ശിക്ഷ. ആലപ്പുഴ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി എ .ഇജാസാണ് ശിക്ഷ വിധിച്ചത്. 

2017-ലാണ് കേസിന് ആസ്പദമായ സംഭവം. ഇരയായ പെൺകുട്ടിയുടെ അമ്മ മാനസിക രോഗിയും വികലാംഗയുമാണ്. ആറാം ക്ലാസ് മുതൽ പെൺകുട്ടിയെ പിതാവ് പീഡിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വഭാവികത ശ്രദ്ധയിൽപ്പെട്ട ബന്ധു കൂടിയായ പൊതുപ്രവ‍ർത്തകയാണ് പീഡനം കണ്ടെത്തിയതും പൊലീസിനെ അറിയിച്ചതും. 

10 വർഷം കഠിന തടവ് കൂടാതെ ഒന്നര ലക്ഷം രൂപ പിഴയും കൂടി പ്രതിക്ക് കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കണമെന്നും വിധിയിലുണ്ട്. പിഴ സംഖ്യയിൽ ഒരു ലക്ഷം രൂപ പെൺകുട്ടിക്ക് നൽകണം. കുട്ടിയുടെ അതിജീവനത്തിനും പുനരധിവാസത്തിനും ജില്ലാ നിയമസഹായ കേന്ദ്രത്തെ കോടതി ചുമതലപ്പെടുത്തി. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി