പത്തനംതിട്ട: ഇരവിപേരൂരിൽ ആശ്രിതരില്ലാത്ത ഭിന്നശേഷിക്കാരെയും രോഗികളെയും പാർപ്പിച്ചിരിക്കുന്ന ഗിൽഗാൽ എന്ന പുനരധിവാസ കേന്ദ്രത്തിൽ  112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്രത്തിലെ 195 പേരെ പരിശോധിച്ചതിൽ നിന്നാണ് 112 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 

നൂറിലേറെ പേർക്ക് കൊവിഡ് ബാധിക്കുകയും കൊവിഡ് ബാധിതരിൽ പലരും പലതരം രോഗങ്ങൾ അലട്ടുന്നവരുമായതിനാൽ പുനരധിവാസ കേന്ദ്രത്തെ അധികൃതർ സിഎഫ്എൽടിസിയാക്കി മാറ്റിയിരിക്കുകയാണ്. കൊവിഡ് രോഗികളുടെ പരിചരണത്തിനായി പ്രത്യേകം ഡോക്ടർമാരേയും നഴ്സുമാരേയും നിയമിച്ചു.

ആകെ 370 അന്തേവാസികളാണ് ഗിൽഗാൽ പുനരധിവാസകേന്ദ്രത്തിലുള്ളത്. അവശേഷിക്കുന്നവരെ നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. ഇതിനായി പ്രത്യേക മെഡിക്കൽ ടീമിനേയും സജ്ജരാക്കിയിട്ടുണ്ട്.