കായംകുളത്ത് വനിതാ പോളിടെക്‌നിക് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം
ആലപ്പുഴ: കായംകുളം വനിതാ പോളിടെക്‌നിക് കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. ചർദ്ദിയും വയറിളക്കവും അടക്കം ലക്ഷണങ്ങളുമായി 13 വിദ്യാർഥിനികളെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ഹോസ്റ്റലിൽ ഊണിനൊപ്പം സാമ്പാർ കഴിച്ചവർക്കാണ് അസ്വസ്ഥതകൾ ഉണ്ടായതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഉച്ചയ്ക്ക് നൽകിയ സാമ്പാറാണ് രാത്രിയിലും നൽകിയതെന്നും വിദ്യാർഥികൾ കുറ്റപ്പെടുത്തി. കായംകുളം നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വിഭാഗവും പോളിടെക്നിക് കോളേജിലെ ഹോസ്റ്റലിൽ പരിശോധന നടത്തി സാമ്പിൾ ശേഖരിച്ചു.

