അയൽവാസികളും നാട്ടുകാരുമടക്കം നിരവധി പേരാണ് ഈ മിടുക്കനെ വീട്ടിലെത്തി അഭിനന്ദിക്കുന്നത്

പാലക്കാട്: കനത്ത മഴയിൽ ഇരുകരയും മുട്ടി നിറഞ്ഞൊഴുകിയ കുളത്തിൽ മുങ്ങിത്താഴ്ന്ന അമ്മയെയും ചേച്ചിയെയും ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് പത്താം ക്ലാസുകാരൻ. പാലക്കാട് തിരുമിറ്റക്കോട് ഒഴുവത്ര വടക്കത്ത് വീട്ടിൽ കൃഷ്ണകുമാറിൻ്റെ മകൻ 14 വയസുള്ള ശ്രീകാന്താണ് ആണ് രക്ഷകൻ. തൻ്റെ അമ്മ രമ്യ, അമ്മാവൻ്റെ മകൾ സന്ധ്യ എന്നിവരെയാണ് ശ്രീകാന്ത് രക്ഷിച്ചത്.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് സംഭവം. വീടിനടുത്തുള്ള പാടത്തെ നിറഞ്ഞൊഴുകുന്ന കുളം കാണാനാണ് രമ്യയും സന്ധ്യയുമടക്കം മൂന്ന് സ്ത്രീകളും രണ്ടു കുട്ടികളും പോയത്. ഇവരിൽ സന്ധ്യ ആദ്യം കുളത്തിലിറങ്ങി നീന്തി. നല്ല ഒഴുക്കുള്ള ഭാഗത്തെത്തിയ സന്ധ്യ കുടുങ്ങി. തിരിച്ച് നീന്താൻ ശ്രമിച്ചെങ്കിലും കൈകാലുകൾ കുഴഞ്ഞതോടെ സന്ധ്യ കുളത്തിൻ്റെ നിലയില്ലാക്കയത്തിൽ മുങ്ങാൻ തുടങ്ങി. ഇതു കണ്ട രമ്യ സന്ധ്യയെ രക്ഷിക്കാനായി നീന്തി അടുത്തെത്തി. പക്ഷെ സന്ധ്യും മുങ്ങിത്താണു. രമ്യയെ സന്ധ്യ ചേർത്തുപിടിച്ചതോടെ ഇരുവർക്കും രക്ഷപ്പെടാനാവാതെ വന്നു.

ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നതാണ് കരയിലുള്ളവർ കണ്ടത്. നീന്തലറിയാത്തവരായിരുന്നു കരയിലുണ്ടായിരുന്നത്. ഇവരുടെ കരച്ചിൽ കേട്ടാണ് വീട്ടിലുണ്ടായിരുന്ന ശ്രീകാന്ത് സംഭവമറിയുന്നത്. നിമിഷങ്ങൾക്കകം സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ ശ്രീകാന്ത് കുളത്തിലേക്ക് എടുത്ത് ചാടി. ആദ്യം സന്ധ്യയെയും പിന്നീട് അമ്മ രമ്യയെയും ശ്രീകാന്ത് കരയിലേക്കെത്തിച്ചു. പിന്നീട് ഇരുവർക്കും ആവശ്യമായ പ്രഥമ ശുശ്രൂഷ നൽകി. ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ചാത്തനൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശ്രീകാന്ത്. അച്ഛൻ കൃഷ്‌ണകുമാർ വിദേശത്താണ്. സഹോദരൻ ശ്രീരാഗ് ബിരുദ വിദ്യാർഥിയാണ്. തിരുമിറ്റക്കോട് പഞ്ചായത്ത് പ്രസിഡൻ്റ് മനോ മോഹൻ ശ്രീകന്തിനെ വീട്ടിലെത്തി അഭിനന്ദിച്ചു. പണ്ടുകാലത്ത് കന്നുകാലികളെ കഴുകാനെത്തിയവർ ഈ കുളത്തിൽ മുങ്ങിമരിച്ചതായി അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ അത്യന്തം അപകടം നിറഞ്ഞ കുളത്തിൽ നിന്നു രണ്ട് ജീവനുകൾ രക്ഷിച്ച ശ്രീകാന്തിൻ്റെ ധീരത മാതൃകാപരമെന്നും അദ്ദേഹം പറഞ്ഞു. നിരവധി നാട്ടുകാരും അയൽവാസികളുമെല്ലാം ഈ കൊച്ചു മിടുക്കനെ വീട്ടിലെത്തി അഭിനന്ദിച്ചു..

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്