Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപനം: സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി

 സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർമാർ ഉത്തരവിട്ടത്.

144 extended in 9 districts
Author
Kochi, First Published Oct 31, 2020, 5:02 PM IST

കൊച്ചി: സംസ്ഥാന വ്യാപകമായി സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് രാത്രി അവസാനിക്കും. പ്രാദേശിക സാഹചര്യങ്ങൾ പരിഗണിച്ച് ജില്ലാ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാം എന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച ഉച്ചവരെ ഒൻപത് ജില്ലാ കളക്ടർമാർ നിരോധനാജ്ഞ നവംബർ 15 വരെ നീട്ടിയിട്ടുണ്ട്. 

കാസർകോട്, കണ്ണൂർ, പാലക്കാട്, കൊല്ലം, മലപ്പുറം, പത്തനംതിട്ട,ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരാണ് നിരോധനാജ്ഞ നവംബർ 15 വരെ നീട്ടി ഉത്തരവിറക്കിയത്.  സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് 15 ദിവസത്തേക്ക് കൂടി നീട്ടി ജില്ലാ കളക്ടർമാർ ഉത്തരവിട്ടത്.

നിരോധനാജ്ഞ പ്രഖ്യാപിച്ച ജില്ലകളിൽ പൊതുസ്ഥലത്ത് അഞ്ച് പേരിൽ കൂടുതൽ സ്വമേധയാ കൂടിച്ചേരുന്നതിന് നിരോധനമുണ്ട്. മറ്റ് വ്യക്തികളുമായി ഇടപഴകുമ്പോൾ സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്.

സർക്കാർ പരിപാടികൾ, മതചടങ്ങുകൾ, പ്രാർഥനകൾ, രാഷ്ട്രീയ, സമൂഹിക, സാംസ്‌കാരിക പരിപാടികൾ എന്നിവയിൽ പരമാവധി 20 പേർ മാത്രമേ കൂടിച്ചേരാവൂ.ചന്തകൾ, പൊതുഗതാഗതം, ഓഫീസ്, കടകൾ, തൊഴിലിടങ്ങൾ, ആശുപത്രികൾ, പരീക്ഷകൾ, റിക്രൂട്ട്‌മെൻറുകൾ, വ്യവസായങ്ങൾ എന്നിവ സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ കർശനമായി പാലിക്കേണ്ടതാണ്. പൊതുചന്തകൾ അണുവിമുക്തമാക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർ നടപടി സ്വീകരിക്കണം. ഉത്തരവ് നടപ്പായെന്ന് ഉറപ്പു വരുത്തേണ്ട ചുമതല പൊലീസിനാണ്.

Follow Us:
Download App:
  • android
  • ios