Asianet News MalayalamAsianet News Malayalam

സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച 16 സൈനികരിൽ മലയാളിയും

പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്.

16 Army personnel including one malayali killed in road accident in Sikkim
Author
First Published Dec 23, 2022, 6:39 PM IST

ദില്ലി: ‍സിക്കിമിൽ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച സൈനികരിൽ മലയാളിയും. പാലക്കാട് മാത്തൂർ ചെങ്ങണിയൂർ കാവ് സ്വദേശി വൈശാഖ് (26) ആണ് വീരമൃത്യു വരിച്ചത്. ചെങ്ങണിയൂർക്കാവ് സ്വദേശി സഹദേവന്‍റെ മകനാണ് വൈശാഖ്. നാല് വർഷമായി ഇന്ത്യന്‍ സേനയിൽ പ്രവര്‍ത്തിക്കുകയായിരുന്നു ഇദ്ദേഹം. ഒക്ടോബറിലാണ് ഒരു മാസത്തെ ലീവ് കഴിഞ്ഞ് വൈശാഖ് മടങ്ങിയത്. 221 റജിമെന്‍റില്‍ നായക് ആയിരുന്നു വൈശാഖ്. സംഭവത്തിൽ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും അതീവ ദുഖം രേഖപ്പെടുത്തി.

ആർമി ട്രക്ക് അപകടത്തിൽപെട്ട് 16 സൈനികരാണ് മരിച്ചത്. ഉത്തര സിക്കിമിലെ സേമ മേഖലയിലാണ് രാവിലെ എട്ട് മണിക്കാണ് അപകടമുണ്ടായത്. ഉത്തര സിക്കിമിലെ ചാറ്റെനിൽ നിന്നും താങ്ങുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക ട്രക്കുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. സേമ മേഖലയിലെ മല മുകളില്‍ വളവ് തിരിയുന്നതിനിടെ ട്രക്ക് തെന്നി മലയിടുക്കിലേക്ക് മറിയുകയായിരുന്നു. 3 ജൂനിയർ കമ്മീഷൻഡ് ഓഫീസ‌ർമാരും 13 സൈനികരുമാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാല് പേർ ചികിത്സയിലാണ്. 

അപകടം ഉണ്ടായ ഉടനെ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം തുടങ്ങിയെന്നും പരിക്കേറ്റ നാല് പേരെ ഹെലികോപ്റ്ററില്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം അറിയിച്ചു. ചൈനയുമായും ഭൂട്ടാനുമായും അതിർത്തി പങ്കിടുന്ന മേഖലയിലാണ് അപകടമുണ്ടായത്. സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു. മരിച്ച ധീര സൈനികരുടെ സേവനത്തിന് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. അപകടത്തിന്റെ ആഘാതത്തിൽ ട്രക്ക് പൂർണണമായും തകർന്നു. വാഹനത്തിന്റെ പല ഭാഗങ്ങളും ചിന്നിച്ചിതറിയ നിലയിലാണെന്ന് സൈന്യം പുറത്തുവിട്ട ചിത്രങ്ങളിൽ നിന്ന് വ്യക്തമാകുന്നു. സംഭവത്തിൽ രാഹുല്‍ ഗാന്ധിയും ദുഃഖം രേഖപ്പെടുത്തി.

Follow Us:
Download App:
  • android
  • ios