Asianet News MalayalamAsianet News Malayalam

17,280 താറാവുകളെ കൊന്നൊടുക്കി, നാളെ അണുനശീകരണം, രണ്ട് പഞ്ചായത്തുകളിലും കള്ളിങ് പൂര്‍ത്തിയായി

ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 താറാവുകളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. 

17280 ducks killed disinfection tomorrow  culling completed in both panchayats ppp
Author
First Published Apr 19, 2024, 10:17 PM IST

ആലപ്പുഴ: ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകളിൽ താറാവുകളെ കൊന്നു മറവുചെയ്യുന്ന പ്രധാന നടപടി(കള്ളിങ്) പൂർത്തിയായി. ചെറുതന വാർഡ് മൂന്ന്, എടത്വ വാർഡ് ഒന്നിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 17,280 താറാവുകളെയാണ് വെള്ളിയാഴ്ച വൈകുന്നേരം വരെ കള്ളിങ്ങിന് വിധേയമാക്കിയത്. 

എടത്വയിൽ  5,355 താറാവുകളെയും ചെറുതനയിൽ 11,925  താറാവുകളെയുമാണ് കൊന്നൊടുക്കിയത്. എട്ട് ദ്രുതപ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്. പക്ഷികളെ കൊന്നശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കൽ പൂർത്തിയായശേഷം പ്രത്യേക സംഘമെത്തി നാളെ അണുനശീകരണവും കോമ്പിങ്ങും നടത്തും.

ആലപ്പുഴയില്‍ രണ്ട് സ്ഥലങ്ങളിലെ താറാവുകളില്‍ (ഏവിയന്‍ ഇന്‍ഫ്‌ളുവന്‍സ-എച്ച്5 എന്‍1) കണ്ടെത്തിയ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. പക്ഷിപ്പനി പ്രതിരോധത്തിനായി എസ്.ഒ.പി. പുറത്തിറക്കി. ഇതുകൂടാതെ ജില്ലാ കളക്ടറും യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. 

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. 2023ലെ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും രണ്ടാഴ്ചക്കാലം പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പനിയും രോഗലക്ഷണങ്ങളും ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്

പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശത്തിന്റെ 3 കിലോ മീറ്റര്‍ ചുറ്റളവില്‍ ഫീവര്‍ സര്‍വേ നടത്തുകയും പനിയുള്ളവരിലെ തൊണ്ടയിലെ സ്രവമെടുത്ത് പരിശോധിച്ച് പക്ഷിപ്പനിയല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ആശാ പ്രവര്‍ത്തകരുടേയും ഫീല്‍ഡ്തല ജീവനക്കാരുടേയും നേതൃത്വത്തില്‍ ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. പക്ഷിപ്പനി ബാധിച്ച പക്ഷികളുമായി ഇടപെട്ടവര്‍ ക്വാറന്റൈന്‍ കൃത്യമായി പാലിക്കണം. ഈ പ്രദേശത്തിന് 10 കിലോ മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തിപ്പെടുത്തും. ഏതെങ്കിലും തരത്തിലുള്ള പക്ഷി മരണങ്ങള്‍ കണ്ടെത്തുന്ന സാഹചര്യത്തില്‍ അപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണം. വണ്‍ ഹെല്‍ത്ത് പരിശീലനം ലഭിച്ച വോളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കും.

ഏതെങ്കിലും സാഹചര്യത്തില്‍ മനുഷ്യരില്‍ പക്ഷിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെങ്കില്‍ ഐസൊലേഷന്‍ സെന്‍ററായി  ആലപ്പുഴ ജനറല്‍ ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് റെഡ് സോണില്‍ നിന്നും വരുന്ന ഫീവര്‍ കേസുകള്‍ നേരിട്ട് ജനറല്‍ ഒ.പി യില്‍ വരുന്നതിന് പകരം ആരോഗ്യവകുപ്പ് ജീവനക്കാരെ മുന്‍കൂട്ടി അറിയിച്ച് ഇതിനായി സജ്ജമാക്കിയ പ്രത്യേക ഒ.പി. സൗകര്യം പ്രയോജനപ്പെടുത്തേണ്ടതാണ്.

പക്ഷിപ്പനിയുമായി ബന്ധപ്പെട്ട ഗുരുതര കേസുകളുണ്ടായാല്‍ ചികിത്സിക്കാനായി ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കും. സുപ്രണ്ടിന്റെ നേതൃത്വത്തില്‍ ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു നോഡല്‍ ഓഫീസറെ നിയമിക്കും. ഈ പ്രദേശത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും സര്‍വൈലന്‍സ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള പൂര്‍ണമായ ചുമതല അതാത് ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്കായിരിക്കും. ഇത്തരം പ്രദേശങ്ങളില്‍ ആവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പു വരുത്തേണ്ടതാണ്.

ജില്ലയിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പിപിഇ കിറ്റ്, ഒസല്‍റ്റാമിവിര്‍ എന്നിവയുടെ സ്റ്റോക്ക് ഉറപ്പാക്കണം. പക്ഷികളുമായി ഇടപെട്ടവര്‍ക്കോ, നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ക്കോ, കര്‍ഷകര്‍ക്കോ ഏതെങ്കിലും തരത്തിലുള്ള പനി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറ്റാനായി പ്രത്യേക ആംബുലന്‍സ് സൗകര്യം ഉപയോഗിക്കേണ്ടതാണ്. അടിയന്തിര സഹായങ്ങള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസിലെ നമ്പറില്‍ (0477 2251650) ബന്ധപ്പെടുക.

Latest Videos
Follow Us:
Download App:
  • android
  • ios