Asianet News MalayalamAsianet News Malayalam

ഗവര്‍ണര്‍ക്കെതിരെ തലസ്ഥാനത്ത് കരിങ്കൊടി പ്രതിഷേധം: 19 എസ്എഫ്ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയിൽ

സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം

19 SFI activists in custody after they protested against Governor at Trivandrum kgn
Author
First Published Dec 11, 2023, 9:08 PM IST

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ തലസ്ഥാനത്ത് കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് രാജ്ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോയ ഗവര്‍ണര്‍ക്കെതിരെ മൂന്ന് സ്ഥലത്തായി കരിങ്കൊടി വീശി പ്രതിഷേധിച്ചവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാളയത്ത് ഗവര്‍ണറുടെ വാഹനത്തിൽ അടിച്ചടക്കം പ്രതിഷേധിച്ച് ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

സര്‍വകലാശാല സെനറ്റിലേക്ക് ബിജെപി ബന്ധമുള്ളവരെ തിരുകിക്കയറ്റിയ ഗവര്‍ണറുടെ നടപടിക്കെതിരെയായിരുന്നു എസ്എഫ്ഐ പ്രതിഷേധം. എന്നാലിത് തന്നെ കായികമായി കൈയ്യേറ്റം ചെയ്യാനുള്ള ഗൂഢാലോചനയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ആരോപിക്കുന്നത്. ഇതിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. പേട്ട പള്ളിമുക്കിൽ വച്ച് എസ്എഫ്ഐ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിൽ രോഷാകുലനായ ഗവര്‍ണര്‍ ആരിഫ് ഖാൻ, കാറിൽ നിന്ന് പുറത്തിറങ്ങി പൊലീസുകാരോട് അടക്കം ദേഷ്യപ്പെട്ടു. 

സംസ്ഥാനത്ത് ഗുണ്ടാ രാജാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തനിക്കെതിരെ പ്രതിഷേധിക്കുന്നത് ക്രിമിനലുകളാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിഷേധക്കാരെ ബ്ലഡി ക്രിമിനൽസ് എന്ന് വിളിച്ചു. ക്രിമിനലുകൾ വാഹനത്തിന്റെ ചില്ലിൽ വന്നിടിച്ചുവെന്നും നാലുവർഷം മുമ്പ് കണ്ണൂരിൽ വച്ചും ആക്രമിക്കാൻ ശ്രമം നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗുണ്ടകൾ തിരുവനന്തപുരം നഗരം ഭരിക്കാൻ ശ്രമിക്കുന്നുവെന്നും സമ്മർദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ ഇതെന്നും ചോദിച്ച അദ്ദേഹം, പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമായിരുന്നുവെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ ഇങ്ങനെ വരാനാകുമോയെന്ന് ചോദിച്ച ഗവര്‍ണര്‍, ഇതാണോ തനിക്കുള്ള സുരക്ഷയെന്നും ചോദിച്ചു.

Asianet News Live TV | Malayalam News | ഏഷ്യാനെറ്റ് ന്യൂസ്

Latest Videos
Follow Us:
Download App:
  • android
  • ios