കൃഷിഭൂമി നഷ്ടമായ യാക്കൂബിന് 20 സെന്‍റ് സ്ഥലം നൽകാം: ഭോപ്പാലിൽ നിന്ന് കുര്യൻ ജോർജ്
ഭോപ്പാൽ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്ന് കുര്യൻ ജോർജ്. എപ്പോൾ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാമെന്ന് കുര്യൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ
തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ കൃഷി ഭൂമി നഷ്ടമായ യാക്കൂബിന് കൈത്താങ്ങായി പുൽപ്പള്ളി സ്വദേശി കുര്യൻ ജോർജ്. 20 സെന്‍റ് നൽകുമെന്ന് കുര്യൻ ജോർജ് അറിയിച്ചു. അതോടൊപ്പം തന്‍റെ നാലേക്കർ സ്ഥലത്ത് കൃഷി ചെയ്ത് ആദായമെടുക്കാം. താൻ നേരിട്ടെത്തി എപ്പോൾ വേണമെങ്കിലും സ്ഥലം രജിസ്റ്റർ ചെയ്ത് നൽകാമെന്നും കുര്യൻ ജോർജ് ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ പറഞ്ഞു.
ഭോപ്പാലിലാണ് കുര്യൻ ജോർജ് താമസിക്കുന്നത്. ഭോപ്പാൽ ദുരന്തം നേരിട്ടനുഭവിച്ച വ്യക്തിയാണ് താനെന്ന് കുര്യൻ ജോർജ് വിശദീകരിച്ചു. പതിനായിരക്കണക്കിന് മൃതദേഹങ്ങൾ ഒന്നിച്ചുകൂടിക്കിടക്കുന്നത് കണ്ടതാണ്. വയനാടിന്‍റെ ദുരന്തം തന്നെ ദുഃഖത്തിലാഴ്ത്തിയെന്നും കുര്യൻ ജോർജ് വിശദീകരിച്ചു.
എട്ടരയേക്കർ സ്ഥലമാണ് ചൂരൽമല സ്വദേശിയായ കർഷകൻ യാക്കൂബിന് ഉരുൾപൊട്ടലിൽ നഷ്ടമായത്. യാക്കൂബിന്‍റെ ഉപജീവന മാർഗ്ഗമായിരുന്നു കൃഷി. ഇനി എന്തുചെയ്യുമെന്ന് അറിയാതെ നിസ്സഹായാവസ്ഥയിൽ നിൽക്കവേയാണ് കുര്യൻ ജോർജിന്‍റെ സഹായ വാഗ്ദാനം.
പുനരധിവാസത്തിനൊപ്പം ഉപജീവനം ഉറപ്പാക്കാൻ എന്തൊക്കെ പദ്ധതികളുണ്ടാകും. കാലാവസ്ഥ വ്യതിയാനത്തിൽ ഇനിയൊരു മുണ്ടക്കൈ ആവർത്തിക്കാതിരിക്കാൻ കേരളം എങ്ങിനെയൊക്കെ കരുതലെടുക്കും. ഇനിയുള്ള ജീവിതം എങ്ങനെ എന്നതിൽ ദുരന്തഭൂമിയിൽ നിന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ഉയരുന്ന ചോദ്യങ്ങളിൽ ഉത്തരം തേടുകയാണ് ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിലൂടെ. പുനരധിവാസം, ഉപജീവനം, വായ്പാ ബാധ്യത, കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അതിജീവനവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഏഷ്യാനെറ്റ് ന്യൂസ് 'എൻനാട് വയനാട്' ലൈവത്തോണിന്‍റെ രണ്ടാം പതിപ്പിൽ ഉയരും.ലൈവത്തോണിൽ രാഷ്ട്രീയ ശാസ്ത്ര സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കുചേരും. ഒരൊറ്റ രാത്രിയിൽ ഒരു നാട് തന്നെ നാമവശേഷമാക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ ജീവിതം തിരിച്ചുപിടിക്കുകയെന്ന വലിയ ദൗത്യമാണ് മലയാളി സമൂഹത്തിന്‍റെ മുന്നിലുള്ളത്. ആ വലിയ ദൗത്യത്തിൽ നമുക്കും ഹൃദയപൂർവ്വം കൈകോര്‍ക്കാം.
അച്ഛനെയും അമ്മയെയും സഹോദരനെയും ദുരന്തമെടുത്തു, ഒന്നുമറിയാതെ കുഞ്ഞ് അവന്തിക, കയറി കിടക്കാനുമിടമില്ല