ഇന്നത്തെ സംഭവ വികാസങ്ങൾ ഒറ്റനോട്ടത്തിൽ അറിയാം…
തിരുവനന്തപുരം: യുഎസ് ഉത്പന്നങ്ങൾക്ക് തീരുവ എടുത്തുകളയാം എന്ന് ഇന്ത്യ ഉറപ്പു നല്കിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ കഴിഞ്ഞ രാത്രി പ്രതികരിച്ചുവെന്നത് രാജ്യത്തെ സംബന്ധിച്ച് ഒരു പ്രധാന വാർത്തയാണ്. ഇന്ത്യയുമായുള്ള വ്യാപാരം ഏകപക്ഷീയ ദുരന്തമാണെന്നടക്കം അദ്ദേഹം പറഞ്ഞു. യുഎഇയിൽ ഇന്ന് മുതൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് വേണ്ടി ഇന്ന് മുതൽ ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുമെന്ന് എസ്. ജയ്ശങ്കര്‍ അറിയിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലെ ഏറ്റവും പ്രധാന വാർത്ത കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 വിവിധ പദ്ധതികളുടെ ഉദ്ഘാടനമാണ് എന്നുള്ളതാണ്. എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് ഇന്നുണ്ടായേക്കും. വാർത്തകൾ വിശദമായി നോക്കാം..
യുഎഇയിൽ ജാഗ്രതാ നിർദേശം
ന്യൂനമർദ്ദത്തെ തുടർന്ന് യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെയാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇന്ന് മുതൽ രാജ്യത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
അഫ്ഗാൻ ഭൂകമ്പം: സഹായവുമായി ഇന്ത്യ
ഭൂകമ്പം നാശം സൃഷ്ടിച്ച അഫ്ഗാനിസ്ഥാന് സഹായ പ്രവാഹം. ഇന്ത്യ ആയിരം ടെൻറുകൾ എത്തിച്ചു. ഇന്ന് മുതൽ കൂടുതൽ ദുരിതാശ്വാസ സാമഗ്രികളും എത്തിക്കും. അഫ്ഗാൻ വിദേശകാര്യ മന്ത്രി മൗലവി അമീർ ഖാൻ മുത്തഖിയുമായി സംസാരിച്ച ശേഷമാണ് എസ്. ജയ്ശങ്കര്‍ സഹായം നൽകിയത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് അഫ്ഗാനിസ്ഥാനിൽ ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു.
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ 10 പുതിയ പദ്ധതികൾ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ 10 വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. ലക്ഷ്യ ലേബര്‍ റൂം, എച്ച്.ഡി.എസ്. പേ വാര്‍ഡ്, എച്ച്.ഡി.എസ്. പേയിംഗ് ഫാര്‍മസി, വയോജന ക്ലിനിക് & മോഡല്‍ പാലിയേറ്റീവ് കെയര്‍ ഡിവിഷന്‍, ഫ്‌ളൂറോസ്‌കോപ്പി, ഫുള്ളി ഓട്ടോമെറ്റഡ് ക്ലിനിക്കല്‍ കെമിസ്ട്രി അനലൈസര്‍, ബോധിക അക്കാഡമിക് പാര്‍ക്ക് & പബ്ലിക് ലൈബ്രറി, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍, ചിറക് ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍, ഇന്‍ഡോര്‍ ക്രിക്കറ്റ് ആസ്‌ട്രേ ടര്‍ഫ് തുടങ്ങിയ 4 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുന്നത്.
ആയിഷ റഫയുടെ മരണം: ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ്
കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ ആയിഷ റഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആണ്‍സുഹൃത്തിന്‍റെ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും. കോഴിക്കോട്ടെ ജിമ്മില്‍ ട്രെയിനറായ ബഷീറുദ്ദിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനാണ് പൊലീസിന്‍റെ നീക്കം. ഇയാളെ നടക്കാവ് പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ആയിഷയുടെ സഹപാഠികളുടെ മൊഴിയെടുത്ത ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ആയിഷയുമായി ബഷീറുദ്ദീന്‍ നിരന്തരം വഴക്കിട്ടിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
