ചികിത്സക്ക് ആവശ്യമായ മരുന്നിനായുള്ള കോട്ടേഷൻ ഉടൻ നൽകുമെന്ന് കമ്മറ്റി അറിയിച്ചു. 'സോൾജെൻസ്മ' (Zolgensma) ജീൻ തെറാപ്പി മരുന്നിന്റെ ഉൽപ്പാദകരായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നീക്കം നടക്കുകയാണ്.

കോഴിക്കോട്: അപൂർവ ജനിതക രോഗമായ എസ്.എം.എ. ബാധിച്ച മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായി ഇതുവരെ ലഭിച്ചത് 21.5 കോടി രൂപ. ഒരുമാസത്തിനിടെ ആണ് 21,55,60,308 രൂപ അക്കൗണ്ടിൽ എത്തിയത്. 10 ദിവസത്തിനിടെ 50 കോടി ലക്ഷ്യം പൂർത്തിയാക്കാനാണ് നീക്കം. മൂന്ന് കുട്ടികളുടെയും ചികിത്സ ഒരുമിച്ച് തുടങ്ങാനാണ് ശ്രമം. ഒറ്റ പ്രസവത്തിലുണ്ടായ കല്ലുരുട്ടി പൂവ്വത്തേരിച്ചാലിൽ ഡേവിഡ്, ഏഥൻ, ഒലിവർ എന്നീ മൂന്ന് കുരുന്നുകളുടെ ചികിത്സയ്ക്കായാണ് ചികിത്സാസഹായ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നത്. കുരുന്നുകളുടെ ചികിത്സാസഹായത്തിനായി ജനപ്രതിനിധികളും സാമൂഹിക-രാഷ്ട്രീയ നേതാക്കളും നാട്ടുകാരും കൈകോർത്ത് വിപുലമായ ജനകീയ കമ്മിറ്റിക്ക് രൂപം നൽകുകയായിരുന്നു.

പ്രിയങ്കാഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി., എം.എൽ.എ.മാരായ സി.കെ. കാസിം, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മില്ലി മോഹൻ, മുക്കം നഗരസഭാ അധ്യക്ഷ കെ.പി. ചാന്ദ്നി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയാണ് ധനസമാഹരണം നടത്തുന്നത്. ചികിത്സക്ക് ആവശ്യമായ മരുന്നിനായുള്ള കോട്ടേഷൻ ഉടൻ നൽകുമെന്ന് കമ്മറ്റി അറിയിച്ചു. 'സോൾജെൻസ്മ' (Zolgensma) ജീൻ തെറാപ്പി മരുന്നിന്റെ ഉൽപ്പാദകരായ നോവാർട്ടിസ് കമ്പനിയുടെ പ്രതിനിധികളുമായി ചർച്ച നടത്തി. മരുന്നിന്റെ വിലയിൽ പരമാവധി ഇളവും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാക്കാൻ നീക്കം നടക്കുകയാണ്.

ഇതിനിടെ ചികിത്സാ ധനസഹായ ഫണ്ടിനായി പണം അയക്കരുതെന്ന വ്യാജ പ്രചാരണം ഫണ്ട് സമാഹരണത്തിന് തിരിച്ചടിയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ 50 കോടി രൂപ തികഞ്ഞെന്നും ആരും പണം അയക്കരുതെന്നുമാണ് വാട്സ് ആപ്പിലൂടെയുള്ള ഓഡിയോ സന്ദേശം. ഇതിനെതിരെ സഹായ സമിതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.