ചാല സ്വർണക്കവർച്ചയ്ക്ക് പിന്നിലെ ഗൂഢാലോചനയിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സംശയിച്ച് പൊലീസ്. ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും. ഇയാളെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
തിരുവനന്തപുരം: ചാല സ്വർണക്കവർച്ച ഗൂഢാലോചനയിൽ കൂടുതൽ പേരുണ്ടെന്ന സംശയത്തിൽ പൊലീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ചാലയിലെ മാളവിക ജ്വല്ലറിയുടമ ജയറാമിനെ വീണ്ടും ചോദ്യം ചെയ്യും. ഗൂഢാലോചനയിലെ പ്രധാനി ജയാറാം ആണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം. ഇയാളെ പ്രതികൾക്കൊപ്പമിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം. ജയറാമിനെതിരായ സാമ്പത്തിക തട്ടിപ്പ് കേസുകളുടെ വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചു. അതിനിടെ, മോഷ്ടിച്ച ഒരു ഭാഗം സ്വർണം ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചിട്ട നിലയിൽ പൊലീസ് കണ്ടെടുത്തു. വെള്ളായണിയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നാണ് 146 പവൻ സ്വർണം കണ്ടെത്തിയത്. ക്വട്ടേഷൻ ഏറ്റെടുത്ത അനൂപ് രാജ് ആണ് സ്വർണം കുഴിച്ചിട്ടത്. 420 ഗ്രാം സ്വർണം പ്രതികളുടെ വാഹനത്തിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതോടെ നഷ്ടമായ സ്വർണം തിരികെ ലഭിച്ചുവെന്നാണ് പൊലീസ് വിലയിരുത്തൽ.
ചാലയിലെ വൈഷ്ണവി ജ്വല്ലറിയുടമ നന്ദകുമാറിൽ നിന്ന് സ്വർണം കവർച്ച ചെയ്ത കേസിൽ ആറുപേരാണ് അറസ്റ്റിലായത്. ബിസിനസ് കുടിപ്പകയെ തുടർന്ന് 25 ലക്ഷം രൂപയ്ക്ക് നൽകിയ ക്വട്ടേഷൻ ആണ് സ്വർണക്കവർച്ചയെന്നാണ് പൊലീസ് കണ്ടെത്തൽ. പിടിയിലായ അനൂപ് രാജ് ആണ് ക്വട്ടേഷൻ ഏറ്റെടുത്തത്. കേസിലെ മുഖ്യപ്രതി അമൂൽ ആദ്യ ഗഡുവായി നാല് ലക്ഷം രൂപ നൽകിയെന്നും പൊലീസ് കണ്ടെത്തി. പൊലീസ് പിടികൂടുകയാണെങ്കിലും കേസിൻ്റെ ചെലവുകൾ അമൂൽ ഏറ്റെടുക്കുമെന്നും ക്വട്ടേഷൻ സംഘത്തെ അറിയിച്ചിരുന്നു.
സ്വർണ ബിസിനസിൽ മറ്റുള്ളവരേക്കാൾ മുന്നേറിയ വൈഷ്ണവി ജ്വല്ലറിയുടമ നന്ദകുമാറിനെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ഗൂഢാലോചന സംഘത്തിൻ്റെ ലക്ഷ്യം. ഇതിനായുള്ള ചർച്ചയ്ക്കായി ആറ്റുകാൽ ജ്വല്ലറിയുടമ അമൂലും ജയറാമും ഇവരുടെ സുഹൃത്തും ക്വട്ടേഷൻ സംഘത്തിൽപെട്ട ദിലീപും നഗരത്തിലെ ഒരു ബാറിൽ ഒത്തുചേർന്നു മദ്യപിച്ചു. ക്വട്ടേഷൻ നൽകി സ്വർണം തട്ടിയാൽ നന്ദകുമാറിന് വൻ സാമ്പത്തിക ബാധ്യത വരുമെന്നും കണക്കിൽപെടാത്ത സ്വർണമായതിനാൽ പരാതിപ്പെടില്ലെന്നും സംഘം കണക്കുകൂട്ടി. ജയറാം ആണ് ക്വട്ടേഷൻ സംഘത്തിലെ അനൂപ് രാജിനെ പരിചയപ്പെടുത്തിയതെന്നാണ് അമൂലിൻ്റെ മൊഴി. ഗൂഢാലോചനയിൽ ജയറാമും പങ്കെടുത്തുവെന്ന് മറ്റു പ്രതികൾ പൊലീസിന് മൊഴി നൽകി. ജയറാം നന്ദകുമാറിനെ വിളിച്ചു ഭീഷണിപ്പെടുത്തിയതായും മൊഴിയുണ്ട്.
നന്ദകുമാറിൽ നിന്ന് സ്വർണം മോഷ്ടിച്ച ശേഷം അനൂപ് രാജും മറ്റ് മൂന്നുപേരും നാഗർകോവിലിൽ എത്തുകയും ഇടനിലക്കാരനായി പ്രവർത്തിച്ച ദിലീപിനെ ഫോണിൽ വിളിക്കുകയും ചെയ്തു. നാല് ലക്ഷം രൂപ അമൂൽ ദിലീപിന് കൈമാറി. ഈ പണം മറ്റൊരാളുടെ അക്കൗണ്ട് വഴി അനൂപ് രാജിൻ്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. സ്വർണം തട്ടിയെടുത്ത ദിവസം രാവിലെയും അമൂൽ 85 ഗ്രാം സ്വർണം അമൂലിന് വിറ്റ് 10 ലക്ഷം രൂപ വാങ്ങിയിരുന്നു.










