കാസർകോട്: കാസർകോട് ജില്ലയിൽ നിന്നുള്ള 21 പേർക്ക് കൂടെ ഇന്ന് കൊവിഡ് ഭേദമായി. ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 15 പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർക്കും ബദിയെടുക്കയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും കൊവിഡ് ഭേദമായവരിൽ ഉൾപ്പെടും. 

കൊവിഡ് ഭേദമായവരിൽ ഒരാൾ കാഞ്ഞങ്ങാട് സ്വദേശിയായ 81 വയസുള്ള സ്ത്രീയാണ്. ഇവരെ ഈ മാസം മൂന്നാം തിയതിയാണ് പരിയാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് രോഗങ്ങളും വാർധക്യ സഹജമായ അസുഖങ്ങളും ഇവർക്കുണ്ടായിരുന്നു. ഇതിനിടയിലാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച 169 പേരിൽ 144 പേർക്കും രോഗം ഭേദമായി. 25 പേർ കൂടെയാണ് ഇനി വ്യത്യസ്ഥ ആശുപത്രികളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമാകയാണ്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയി. തുടർച്ചയായ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ഇതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂർ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും.

Also Read: 'സീറോ കൊവിഡ്' ആയി ആലപ്പുഴയും; അവസാനത്തെ രണ്ട് പേരും രോഗവിമുക്തരായി