വി കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. ഇബ്രാഹിംകുഞ്ഞിന്റെ കാലത്ത് 227 പുതിയ പാലങ്ങൾ നിർമ്മിച്ചതടക്കമുള്ള നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയ രാഹുൽ, പാലാരിവട്ടം പാലം വിവാദം ഇടത് പക്ഷത്തിന്റെ വ്യാജ പ്രചരണമാണെന്നും വാദിച്ചു. 

അടൂർ: മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്‍റെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എ. 227 പുതിയ പാലങ്ങൾ അതും അതിൽ 400 ദിവസം കൊണ്ട് 100 വലിയ പാലങ്ങൾ നിർമ്മിക്കുവാൻ നേതൃത്വം നൽകിയ പൊതുമരാമത്ത് മന്ത്രിയായിരുന്നു അദ്ദേഹമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഇത്രയും മികച്ച മന്ത്രിയായിട്ടും പാലാരിവട്ടം പാലം മാത്രം മനസിൽ എത്തുന്നതിനെയാണ് വ്യാജ ഇടത് പ്രചരണം സൃഷ്ടിച്ച പൊതുബോധം എന്ന് പറയുന്നത്.

കള്ളം പ്രചരിപ്പിക്കുന്നതിൽ ഗീബൽസിനെ വെല്ലുന്നതാണ് ഇടത് വ്യാജ പ്രചരണം വിഭാഗം. ഇനി പാലാരിവട്ടം പാലത്തിലേക്ക് തന്നെ പോയാൽ അത് പഞ്ചവടി പാലം പോലെ തകർന്നു പോയ ഒരു പാലം അല്ല. ഈ മന്ത്രിസഭയുടെ കാലത്തെ കൂളിമാട് പാലം പോലെയോ ദേശീയ പാത ഇടിഞ്ഞ് വീണത് പോലെയോ പാലാരിവട്ടം പാലത്തിനു ഒന്നും സംഭവിച്ചില്ല. ഇടത് കള്ള പ്രചരണത്തിന്‍റെ ഭാരത്തിനെ അതിജീവിച്ച് ഇന്നും അവിടെ സ്ഥിതി ചെയ്യുന്നത് ഇബ്രാഹിം കുഞ്ഞിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട അതെ പാലം തന്നെയാണ്.

പല കുറി അദ്ദേഹം ആവശ്യപ്പെട്ട വെയിറ്റ് ടെസ്റ്റ് നടത്താതെ അഴിമതിയുടെ ഭാരം ഇടത് പക്ഷവും അതിന്‍റെ ഓരം ചേർന്ന് നിൽക്കുന്ന കുറച്ച് മാധ്യമപ്രവർത്തകരും അദ്ദേഹത്തിന്‍റെ തോളിൽ വെച്ച് കൊടുത്തത് വലിയ അനീതിയാണ്.ഇബ്രാഹിംകുഞ്ഞ് മരണപ്പെടുമ്പോഴെങ്കിലും അദ്ദേഹം ഓർത്തിരിക്കപ്പെടേണ്ടത് അദ്ദേഹത്തിന്‍റെ കാലത്ത് നിർമ്മിക്കപ്പെട്ട പാലങ്ങളുടെയും നാല് പതിറ്റാണ്ട് പഴക്കമുള്ള പിഡബ്ല്യുഡി പരിഷകരിച്ചതിന്‍റെയും സുതാര്യതയുടെ ഭാഗമായി ഇ ടെൻഡർ നടപ്പിലാക്കിയതിന്‍റെയും മികവാർന്ന പുതിയ റോഡുകളുടെ നിർമ്മാണത്തിന്‍റെയും ഒക്കെ പേരിൽ തന്നെയാണ്. അതാണ് അദ്ദേഹത്തോട് ചെയ്യേണ്ട കാവ്യ നീതിയെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.