ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തിവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെ ടൂറിസം വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌കുകള്‍ മുഖേന തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധ പടരുന്നത് തടയാനായി രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ കേരളത്തില്‍ കുടുങ്ങിയ വിദേശികള്‍ തിരികെ നാട്ടിലെത്തി. യൂറോപ്യന്‍ യൂണിയനില്‍ ഉള്‍പ്പെടുന്ന രാജ്യങ്ങളിലെ 232 പൗരന്മാരാണ് തിരികെ സ്വന്തം നാടുകളിലേക്ക് മടങ്ങിയത്. പ്രത്യേക വിമാനം ഇവര്‍ക്കായി ഒരുക്കിയിരുന്നു.

ജര്‍മനിയില്‍ നിന്ന് കേരളത്തില്‍ എത്തിവരാണ് കൂടുതല്‍ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ 13 ജില്ലകളിലായി കുടുങ്ങിക്കിടന്നവരെ ടൂറിസം വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌കുകള്‍ മുഖേന തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജര്‍മ്മന്‍ എംബസി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് യൂറോപ്പിലേക്ക് ഇവരെ യാത്രയാക്കിയത്. യൂറോപ്യന്‍ സഞ്ചാരികള്‍ സ്വദേശത്ത് എത്തി എന്നറിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഇവരെ യാത്രയാക്കുന്നതിന്റെ വീഡിയോയും മുഖ്യമന്ത്രി പങ്കുവെച്ചിട്ടുണ്ട്. അതേസമയം, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം പോത്തന്‍കോട് പ്രദേശത്തിനായി പ്രത്യേക പ്ലാന്‍ തയ്യാറാക്കാനാണ് തീരുമാനം. വൈറസ് വ്യാപനം തടയുന്നതിനാകും ഇതില്‍ മുന്‍ഗണന നല്‍കുക. നിരീക്ഷണങ്ങളും പരിശോധനകളും നിയന്ത്രണങ്ങളും ശക്തമാക്കാനും ഇന്ന് ചേര്‍ന്ന ജില്ലാ തല അവലോകന യോഗത്തില്‍ തീരുമാനമായി.

കൊവിഡ് ബാധിച്ച് ഒരാള്‍ മരിച്ച സാഹചര്യത്തിലാണ് പോത്തന്‍കോട് പഞ്ചായത്തിലും അതിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.പോത്തന്‍കോട്, മോഹനപുരം, കൊയ്ത്തൂര്‍ക്കോണം, ആര്യോട്ടുകോണം, കാട്ടായിക്കോണത്തിന്റെ മേല്‍ഭാഗം, വെമ്പായം,മാണിക്കല്‍ പഞ്ചായത്തുകളിലെ ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

ഈ പഞ്ചായത്തുകളിലെ മുഴുവന്‍ ആളുകളും അടുത്ത രണ്ടാഴ്ചക്കാലം വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിക്കണമെന്ന് ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, കൊറോണ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ എന്നിവരൊഴികെ ആരും തന്നെ പുറത്തിറങ്ങാന്‍ പാടില്ല. പുറത്തിറങ്ങുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.